സരയൂ തൻ തീരത്ത്
സരയൂ തൻ തീരത്ത്
ത്രേതായുഗത്തിൻ പുണ്യനാളിൽ,
ധർമ്മം പാലിച്ച മര്യാദാപുരുഷൻ,
അയോധ്യ ഭരിച്ച ദേവനായകൻ,
മണ്ണിലെ കർമ്മം തീർത്തു നിന്നു.
അവതാര ലക്ഷ്യങ്ങൾ പൂർത്തിയായി,
വൈകുണ്ഠയാത്രയ്ക്ക് നേരമായി,
കാലന്റെ ദൂതൻ അരികിലെത്തി,
മടക്കത്തിൻ സമയം ഓർമ്മിപ്പിച്ചു.
കാവലായ് നിന്ന പ്രാണഭക്തൻ,
മരണത്തെ തടയും വീരശക്തി,
അരികിൽ നിന്നാൽ വഴിയില്ലെന്നു,
പ്രഭു മനസ്സിൽ തിരിച്ചറിഞ്ഞു.
സരയൂ തൻ തീരത്തു നിന്നു രാമൻ,
മോതിരം താഴേക്ക് വീഴ്ത്തി മെല്ലെ,
കുഴിയിലേക്ക് പോയ ആ രത്നം,
എടുക്കുവാൻ ഭക്തനോടോതി നാഥൻ.
ചെറു രൂപമേറ്റു തുനിഞ്ഞിറങ്ങി,
പാതാളസീമയിൽ ചെന്നണഞ്ഞു,
കണ്ട കാഴ്ചയിൽ വിസ്മയമായി,
കോടി മോതിരങ്ങൾ മുറിക്കുള്ളിൽ.
വാസുകി ചൊല്ലിയ സത്യമോർത്തു,
ഇതു കാലചക്രത്തിൻ നിയോഗമത്രെ,
ഓരോ യുഗത്തിലും നാഥൻ പോകും,
വേർപാടിൻ വേദന ഉള്ളിലറിഞ്ഞു.
മടങ്ങിയെത്തി വീണു പാദങ്ങളിൽ,
കൂടെ പോരുവാൻ കേണു കരഞ്ഞു,
തനിച്ചാക്കി പോകരുതെന്ന ചൊല്ലി,
സ്വാമിയെ തൊഴുതു വിതുമ്പി നിന്നു.
ശിരസ്സിൽ തലോടി അനുഗ്രഹിച്ചു,
ചിരഞ്ജീവിയായി മണ്ണിൽ വാഴാൻ,
ധർമ്മം കാക്കുവാൻ കൂടെ നിൽക്കാൻ,
നാമം ചൊല്ലുന്നിടം വാഴുമെന്നു.
സരയൂ ജലത്തിൽ പാദങ്ങൾ വെച്ചു,
ദിവ്യപ്രകാശത്തിൽ രൂപം പൂണ്ടു,
വിഷ്ണുപദത്തിലേക്ക് യാത്രയായി,
പൂക്കൾ ചൊരിഞ്ഞു വിണ്ണുലകം.
രചന: ജീ ആർ കവിയൂർ
10-09-2026
(തിരുവല്ല, കവിയൂർ)
Comments