എഴുതാതെ പോയ കവിതകൾ
എഴുതാതെ പോയ കവിതകൾ
എഴുതാതെ പോയ വരികൾ
എന്നിൽ ഇന്നും പാടുന്നു,
പറയാതെ പോയൊരു സ്നേഹം
നിഴലായ് കൂടെ നടക്കുന്നു...
പേര് കുറിക്കുവാൻ ചെന്നപ്പോൾ
പേനയൊന്നു വിറച്ചുവോ,
നോട്ടമൊന്നു തൊട്ട നേരം
വാക്കുകളെല്ലാം മാഞ്ഞുവോ...
നീ നടന്നൊരു വഴിത്താരയിൽ
നിലാവായ് ഞാൻ നിന്നിരുന്നു,
കാറ്റിലൊഴുകിയ നിൻ ഗന്ധം
കാതിലൊരു ഗാനം തീർത്തിരുന്നു.
ചുണ്ടിലുണർന്നൊരു വാക്കിനെ
ചിരിയിലൊളിപ്പിച്ചു ഞാൻ,
മിഴികളിൽ വിരിഞ്ഞ കഥയെ
മറവിക്കു വിട്ടില്ല ഞാൻ.
എന്നെത്തന്നെ തേടിയപ്പോൾ
അറിയാത്തൊരു തീരം കണ്ടു,
ഉള്ളിന്റെ ആഴമളന്നപ്പോൾ
അവിടെയൊരു സ്വപ്നം നിന്നു.
കടലാസിൽ പിറന്നില്ലെങ്കിലും
കാലം അതിനെ കാത്തുവച്ചു,
ജീവിതമെന്ന പുസ്തകത്തിൽ
അധ്യായമായ് ചേർത്തുവച്ചു.
വർഷങ്ങൾ ദൂരം താണ്ടിയാലും
വസന്തം വീണ്ടും വരുമല്ലോ,
പറയാതെ സൂക്ഷിച്ച ഭാവം
പാട്ടായി മാറുമല്ലോ.
ചില വരികൾ മഷിയിലല്ല
ജീവിതത്തിൽ കുറിക്കേണ്ടത്,
ചില കവിതകൾ ചൊല്ലുവാനല്ല
ശ്വാസമായി തീർക്കേണ്ടത്...
രചന: ജീ ആർ കവിയൂർ
12 -09-2026
(തിരുവല്ല, കവിയൂർ)
Comments