പുതുവഴികൾ തേടാം

പുതുവഴികൾ തേടാം
പദം പറഞ്ഞും
പഴി പറഞ്ഞും
പതിരില്ലാതെയെന്തിന്
പാത്രമാകണം വെറുപ്പിൻ

പഴയതൊക്കെ പറഞ്ഞു
പലവട്ടം നടന്നിട്ടും
പണമോ പദവിയോ
പരിഹാരമായി കിട്ടിയോ

പ്രതികാരം മാത്രമല്ലോ
പ്രതികരണമായി മാറുന്നത്
പ്രതീക്ഷയ്ക്കു വക നൽകും
പ്രത്യാശയായ് മുന്നേറാം

പുലരി മുതൽ അന്തി വരെ
പൊരുതാനുണ്ട് പലതും
പുഴുകുത്തിയ ചിന്തകളെ
പകുക്കുവാൻ ആളില്ലാതെ

പിറന്ന നാൾ മുതൽ
പിഴവുകൾ തേടി നടന്ന്
പിന്നിട്ട വഴികളിലൊക്കെയും
പതറാതെ നിന്നതെന്തേ

പൊള്ളുന്ന വാക്കുകളെല്ലാം
പൊയ്മുഖങ്ങൾ തീർക്കുമ്പോൾ
പൊരുത്തത്തിന്റെ പാതയിൽ
പുതുവെളിച്ചം തേടുക

പകയല്ല പാതയാകേണ്ടത്
പരിഭവമല്ല മറുപടി
പകരം പുഞ്ചിരി നൽകുമ്പോൾ
പുതിയൊരു പുലരി പിറക്കും

പാഴായിപ്പോകും നാളുകൾ
പകയുടെ പന്തലിൽ നിന്നാൽ
പുണ്യമുള്ളൊരു മനസ്സോടെ
പുതുവഴികൾ തേടാമീ ജന്മം 

രചന: ജീ ആർ കവിയൂർ
11 -09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ