കാത്തിരിപ്പൂ അച്ഛൻ...
കാത്തിരിപ്പൂ അച്ഛൻ...
മകനേ നീയെന്നുമെൻ ജീവനല്ലോ,
അതു മറക്കാനാകാത്തൊരോർമ്മയല്ലോ!
ഇല്ലാ കഥകൾ കേട്ടുകേട്ടങ്ങനെ
മൂളിമൂളിയുറങ്ങിയ രാവുകൾ.
ചിരിച്ചും കരഞ്ഞും പലവട്ടമുണരുമ്പോൾ
താരാട്ടു പാടിയുറക്കിക്കിടത്തിയും.
മകനേ നീയെന്നുമെൻ ജീവനല്ലോ,
അതു മറക്കാനാകാത്തൊരോർമ്മയല്ലോ!
പൊന്നുമ്മ നൽകിയടുത്തു കിടന്നൊരാ
കാലം കഴിഞ്ഞതറിഞ്ഞതേയില്ല,
കൈകാൽ വളർന്ന നാൾ
കൈയെത്താ ദൂരത്ത് പാറിപ്പറന്നങ്ങു പോയല്ലോ നീ!
മകനേ നീയെന്നുമെൻ ജീവനല്ലോ,
അതു മറക്കാനാകാത്തൊരോർമ്മയല്ലോ!
ഉണ്ടും ഉറങ്ങിയും ദിനങ്ങൾകഴിക്കുമ്പോൾ
അറിയാതെ നിൻ സ്വരം കേൾക്കുവാനായ്,
കാതോർത്തു കൺപാർത്തു മനംമുറിഞ്ഞു !
മകനേ നീയെന്നുമെൻ ജീവനല്ലോ
അതു മറക്കാനാകാത്തൊരോർമ്മയല്ലോ!
നിഴലായ് നടന്ന വഴികളിലൊക്കെയും
നിന്റെ കാൽപ്പാടുകൾ തേടിടുന്നു.
തിരികെ വരുമെന്ന മോഹവുമായച്ഛൻ
വാതുക്കൽ കാതോർത്തു കാത്തിരിപ്പൂ!
രചന: ജീ ആർ കവിയൂർ
07-09-2026
(തിരുവല്ല, കവിയൂർ)
Comments