കണ്ണീരിൻ കാവ്യം

കണ്ണീരിൻ കാവ്യം
രാവണൻ വീണൊരു നാളിൽ വന്നെത്തി
ദേവിയും രാമനും സ്വപുരമെത്തി,
ആനന്ദപ്പൂമഴ പെയ്തു നാടെങ്ങും,
പൊൻകിരീടം ചൂടി വാണു രഘുപതി.

നാട്ടിലുയർന്നൊരു ദുഷ്ടനിന്ദയാൽ
നീറിപ്പുകഞ്ഞു ശ്രീരാമൻ തൻ നെഞ്ചം,
രാജധർമ്മത്തിൻ കനൽവഴിയിലൂടെ
കാട്ടിലയയ്ക്കപ്പെട്ടു ദേവി ജാനകി.

കാനനത്താഴ്വരയിൽ തനിച്ചായി ദേവി,
കണ്ണുനീർ ചിന്തി വിതുമ്പി നിന്നപ്പോൾ,
ആരുമില്ലാത്തൊരു ദുഃഖവേളയിൽ
വാൽമീകിയാശ്രമം തണലായി നിന്നു.

ആശ്രമമണ്ണിൽ പിറന്നൂ പൊന്മക്കൾ,
ലവനും കുശനുമെന്നിരട്ടപ്പൂക്കൾ,
അമ്മതൻ സ്നേഹത്തിൻ പാലിൽ വളർന്ന്
നന്മതൻ ദീപങ്ങളായ് മാറി കുമാരർ.

വില്ലിൻ വിദ്യകൾ വേഗത്തിൽ പഠിച്ചു,
വേദകഥകൾ ഈണത്തിൽ ചൊല്ലി,
രാമകഥാമൃതം പാടിയലഞ്ഞവർ
കാനനച്ചോലയിൽ ഗീതമായ് മാറി.

യാഗാശ്വമെത്തിയ നേരത്തു വീറോടെ
കെട്ടിയിട്ടാശ്വത്തെ കാവലായ് നിന്നു,
സൈന്യത്തെ തോൽപ്പിച്ചു ധീരതയോടെ
വിസ്മയം തീർത്തവർ വീരകുമാരർ.

അയോധ്യാ രാജസഭയിൽ ചെന്നവർ പാടി,
രാമകഥാമൃതം ഈണത്തിൽ ചൊല്ലി,
തൻ മക്കളാണെന്നറിഞ്ഞൊരു നേരം
കണ്ണീരണിഞ്ഞു വിറച്ചു രഘുനാഥൻ.

സത്യം തെളിയിക്കുവാൻ വന്നൊരു ജാനകി,
ഭൂമിദേവിയെ വിളിച്ചൊരു നേരം,
മാതാവിൻ മടിയിലാഴ്ന്നു മറഞ്ഞപ്പോൾ
കണ്ണീർക്കടലായി മാറിയയോധ്യ.

മക്കളെ വാരിപ്പുണർന്നൂ ശ്രീരാമൻ,
തീരാത്ത നോവോടെ വാണു കൊട്ടാരത്തിൽ,
സ്നേഹവും ത്യാഗവും കണ്ണീരും ചേർന്ന
രാമകഥയെന്നും കാവ്യമായ് നിന്നു.

യുഗങ്ങൾ കഴിഞ്ഞാലും മായാത്ത കഥയിത്,
മനുഷ്യഹൃദയത്തിൽ നനവാർന്ന ഗാഥ,
സ്നേഹത്തിൻ വിലയും ത്യാഗത്തിൻ തീയും
പാടുന്ന കാവ്യമാണീ കണ്ണീരിൻ കാവ്യം.

രചന: ജീ ആർ കവിയൂർ
12 -09-2026
(തിരുവല്ല, കവിയൂർ)



Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ