എന്റെ മാത്രമായി



എന്റെ മാത്രമായി

കണ്ടു ഞാന്‍ നിന്‍ നെഞ്ചിലെ
തുള്ളിക്കളിക്കും മാമ്പുചുണങ്ങുള്ള
പനിനീര്‍ മൃദുലതയുള്ള ദളങ്ങള്‍
ആരൊക്കയോ പിഴിഞ്ഞെടുത്തു
മണം കൊണ്ട മുല്ലപൂവിന്‍ അത്തറ്.

പിന്‍ നിലാവിന്റെ മോഹത്തിന്‍
പാലുചുരത്തിയ ആകാശ ചുവട്ടിലെ
പക്ഷികള്‍ കൂടുകൂട്ടും കൊമ്പിന്‍ മുകളില്‍
മിന്നിതിളങ്ങുന്നതുമൊക്കെ നീയായിരുന്നു
നിന്റെ ചൂരും ചൂടുമായിരുന്നു വല്ലോ .

ആറാട്ട് കടവിലെ പുഴയുടെ നിറം
മങ്ങിയതും നിൻ തിരണ്ടലായിരുന്നു
എന്ന് ഒരുത്തരുമറിഞ്ഞില്ല .
കറുത്ത ചേലയുടുത്തപ്പോഴും ചന്ദന നിറമുള്ള
പുടവയുമായി പടികടന്നു വന്നപ്പോള്‍

ലഹരി വറ്റിയ കണ്‍ പോളകള്‍ വലിച്ചു തുറന്നു
മൂരിനിവര്‍ത്തി പത്രത്തിലേക്ക് മുഖം കുത്തി വീണു
ഭാഗ്യാന്വേഷണം നടത്തിയപ്പോഴും നിന്‍ മുഖം
ഞാന്‍ കണ്ടു പുച്ഛഭാവമായിരുന്നു.
പിച്ച തെണ്ടിയുടെ നേരെയുള്ള മുഖം വടിക്കാതെ

കുറ്റിരോമവുമായി കനവുകള്‍ കണ്ണില്‍ നിറച്ചു
ആത്മാവിഷ്ക്കാരങ്ങള്‍ മഷി പുരട്ടി
നെഞ്ചോടു ചേര്‍ക്കുമ്പോഴും
നീയായിരുന്നു മനം നിറയെ .
അപ്പോഴും വിശക്കുന്നുണ്ടായിരുന്നു ഒപ്പം

ദാഹവുമുണ്ടായിരുന്നു ഏറെ .
നിന്നോടോപ്പമുള്ള ജീവിത സായന്തനങ്ങളില്‍
താങ്ങും തണലുമായി നീ ഉണ്ടായിരിക്കുമല്ലോ
എന്‍ ആശ്വാസമായി വിശ്വാസമായി
വിരലുകള്‍ ചുക്കി ചുളിഞ്ഞാലും.

എന്റെ സുഖ ദുഖങ്ങളുടെ നടുവില്‍
നിലനില്‍പ്പിനായി കേഴുമ്പോഴും
മായാതെ നിത്യം ഭാവനയായി എന്‍
വിരല്‍ത്തുമ്പിലെ അക്ഷര നോവായി
കൂടെയുണ്ടാകുമല്ലോ  എന്‍ കവിതേ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “