മനസ്സാക്ഷിയുടെ അഭിമാനം
മനസ്സാക്ഷിയുടെ അഭിമാനം
എൻ വ്യക്തിത്വത്തിൽ പോരായ്മകളേറെയാകാം, എൻ വാക്കുകളിൽ പിഴവുകൾ വന്നേക്കാം; എന്നാലൊരു കാര്യത്തിൽ തലയുയർത്തി നിൽക്കാം, ആരുടെയും വികാരങ്ങളെ കളിയാക്കിയിട്ടില്ല!
സ്നേഹമെന്ന പേരിൽ ചതികൾ മെനഞ്ഞില്ല, വിശ്വാസത്തിൻ മുന്നിൽ മുഖംമൂടി അണിഞ്ഞില്ല; ഹൃദയത്തിൻ നൊമ്പരം മുതലെടുക്കാൻ നിന്നില്ല, കണ്ണീരിൻ പിന്നിലെ കാരണമായതുമില്ല!
കൂട്ടിനുവന്നവരെ കൈവിടാൻ കൊതിച്ചില്ല, കൂടെയിരുന്നപ്പോൾ കാപട്യം കാട്ടിയില്ല; മധുരവാക്കുകൾ കൊണ്ട് മോഹങ്ങൾ പകർന്നില്ല, മനസ്സറിയാതെ മുറിവുകൾ നൽകിയില്ല!
എല്ലാവർക്കും പ്രിയങ്കരനാകാൻ കഴിഞ്ഞില്ല, എല്ലാ പ്രതീക്ഷകളും നിറവേറ്റാൻ കഴിഞ്ഞില്ല; എങ്കിലും, ആരുടെയും സ്വപ്നങ്ങൾ തകർത്തില്ല, എൻ നേട്ടങ്ങൾക്കായി ബന്ധങ്ങൾ വിറ്റില്ല!
കാലം പല മുഖങ്ങൾ മുന്നിൽ തെളിയിച്ചു, ബന്ധങ്ങൾ പലതും പാതിവഴിയിൽ മറഞ്ഞു; തിരിച്ചുകിട്ടാത്ത സ്നേഹം വേദന പകർന്നാലും, നന്മയുടെ വഴിയിൽനിന്ന് മനസ്സ് വ്യതിചലിച്ചില്ല!
തെറ്റുകൾ സംഭവിക്കാം, മനുഷ്യനല്ലേ ഞാൻ, തളർച്ചകൾ വന്നേക്കാം, ദുർബലനല്ലേ ഞാൻ; എങ്കിലും, മറ്റൊരാളുടെ കണ്ണുനീരിൽ എൻ സന്തോഷം തേടാത്ത മനസ്സുണ്ട് എനിക്ക്!
ആരാധന നേടാൻ അഭിനയിച്ചില്ല, ആരെയും സ്വന്തമാക്കാൻ വഞ്ചിച്ചില്ല; അകന്നുപോയവർ തിരിച്ചുവന്നില്ലെങ്കിലും, അവരുടെ ഓർമ്മയിൽ വിഷം കലർത്തിയില്ല!
ഒടുവിൽ ഈ ജീവിതം തിരശ്ശീല താഴ്ത്തുമ്പോൾ, നേടിയതെല്ലാം ഇവിടെ ബാക്കിയാകുമ്പോൾ, ഒരു നല്ല മനസ്സിന്റെ ഉടമയായിരുന്നു ഞാൻ, ആരെയും മനഃപൂർവം നോവിച്ചില്ല ഞാൻ!
അതുമതി, ഈ ജന്മത്തിൻ കണക്കുപുസ്തകത്തിൽ, അതുമതി, എൻ ആത്മാവിൻ സാക്ഷിപത്രത്തിൽ; പൂർണനല്ലെങ്കിലും പരമാർഥിയായിരുന്നു, പല കുറവുകൾക്കിടയിലും സത്യസന്ധനായിരുന്നു!
രചന
ജീ ആർ കവിയൂർ
09-10-2026
(തിരുവല്ല, കവിയൂർ)
Comments