ജീവിതസന്ധ്യയിലെ കറിവേപ്പില

ജീവിതസന്ധ്യയിലെ കറിവേപ്പില
തെക്കേനടയുടെ ഗോപുരവാതിൽ
കടന്നുപോകും വേളയിൽ,
വടക്കൻകാറ്റിൻ തണുത്ത തലോടൽ
ഹൃദയത്തിലേറ്റി നടന്നുപോയി.

ഇടതുഭാഗത്തെ അരമതിലിൽ
രണ്ടു വൃദ്ധർ ചേർന്നിരുന്നിതാ,
കാലം തുന്നിയ നൊമ്പരങ്ങളെല്ലാം
കാറ്റിനോടവർ പങ്കുവെച്ചു.

വഴിപാടുകൾ കഴിഞ്ഞു മടങ്ങും
നേരത്തും കണ്ടു അതേ കാഴ്ച—
വന്നുപോയൊരു ജന്മമെന്നോണം
അവരവിടെത്തന്നെ ഇരിപ്പൂ.

വർഷങ്ങൾക്കപ്പുറം കണ്ടുമുട്ടിയ
വൃദ്ധഹൃദയങ്ങൾ തുറന്നപ്പോൾ,
ഇരുളടഞ്ഞൊരു കഥയുടെ താളുകൾ
നെടുവീർപ്പോടെ തുറന്നുതുടങ്ങി.

കുഞ്ഞായിരുന്ന കാലം തൊട്ടേ
കൈപിടിച്ചുയർത്തിയ മക്കൾ;
താലോലിച്ചു താരാട്ടുപാടി
താങ്ങായി നിന്നു വളർത്തിയവർ.

മറ്റൊരുവന്റെ കൈകളിലേൽപ്പിച്ച്
മകളെയും യാത്രയയച്ചവർ;
മക്കളുടെ മക്കൾ മടിയിലിരുന്നു
മുത്തം നൽകി വളർത്തിയവർ.

തങ്ങളുടെ സ്വപ്നം മറന്നുകൊണ്ട്
അവർക്കായ് ജീവിച്ച ജീവിതം;
ഇന്നോ വാർദ്ധക്യത്തിന്റെ പടിവാതിലിൽ
താങ്ങാകാൻ ആരുമില്ലെന്നോ?

വളയും മോതിരവും ഭവനവുമുണ്ട്,
വാതിൽപ്പടിയിൽ ഓർമ്മകളുമുണ്ട്;
കൈമൂലധനമായ് കാത്തുവച്ച
മിച്ചമുള്ള പണവുമുണ്ട്.

എന്നിട്ടും മക്കൾക്കവയൊന്നും
വേണ്ടെന്നോണം മാറിനിൽക്കുന്നു;
സ്വത്തും പണവും ഉണ്ടായിട്ടും
നോക്കാൻ മക്കളില്ലെന്ന നൊമ്പരം മാത്രം.

നടക്കുമ്പോൾ നാടും പടയുമുണ്ട്,
കിടക്കുമ്പോൾ കട്ടിലും പായയുമുണ്ട്;
അവനവനുണ്ടെങ്കിൽ എല്ലാം ഉണ്ടാം,
ഇല്ലെങ്കിൽ ഒന്നുമില്ലെന്നോണം.

തനിക്കുതാൻ തന്നെ തുണയാകണം,
പുരയ്ക്കു തൂണായ് താനുമാകണം;
ജീവിതസന്ധ്യ വന്നെത്തുമ്പോൾ
ഇതല്ലേ പലരുടെയും ഗതി?

ആ വൃദ്ധരുടെ വാക്കുകൾ കേട്ട്
കവി നിശ്ശബ്ദനായി നിന്നുപോയി;
കണ്ണിൽ കണ്ട ആ കാഴ്ചകളെല്ലാം
മനസ്സിൽ വീണ്ടും തെളിഞ്ഞുവന്നു.

കാലം നൽകിയ മക്കളെല്ലാം
കാലത്തിനൊപ്പം അകലുമ്പോൾ,
തണൽ നൽകിയ കൈകൾക്കൊടുവിൽ
തണൽ തേടേണ്ടി വരുമോ?

സ്നേഹം നൽകി വളർത്തിയവർ
സ്നേഹത്തിനായ് കാത്തിരിക്കുമ്പോൾ,
ജീവിതസന്ധ്യയിലെ മനുഷ്യൻ
കറിവേപ്പിലയാകുമോ?

ചിന്തകളുമായി കവി പിന്നെ
മെല്ലെ മെല്ലെ നടന്നുപോയി;
ക്ഷേത്രമുറ്റത്തെ കാറ്റിനൊപ്പം
ഒരു ചോദ്യം മാത്രം ശേഷിച്ചു—

“താങ്ങാകേണ്ടവർ തള്ളിക്കളഞ്ഞാൽ,
വാർദ്ധക്യത്തിന് തണലാര് നൽകും?
ജീവിതം മുഴുവൻ സ്നേഹം നൽകിയ
ആ കൈകൾക്ക് സ്നേഹമാര് നൽകും?”

രചന: ജി ആർ കവിയൂർ
03 09 2026
( തിരുവല്ല , കവിയൂർ)


Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ