കണ്ണന്റെ പാദം തേടി
കണ്ണന്റെ പാദം തേടി
കാർമേഘ വർണ്ണനായി കണ്ണൻ വന്നൂ,
കാളിന്ദി തീരമാകെ പുഞ്ചിരിച്ചൂ,
മധുരമായ വേണുവൂതി ഗോകുലത്തിൽ,
മാധവൻ സ്നേഹമഴയായ് പെയ്തിറങ്ങി.
അഷ്ടമിരാവിൽ നക്ഷത്രം ചിരിച്ചൂ,
അമ്മ യശോദയുടെ മനം നിറഞ്ഞൂ,
നന്ദന്റെ വീട്ടിൽ ദീപങ്ങൾ തെളിഞ്ഞൂ,
നാരായണ നാമം കാറ്റിലലിഞ്ഞൂ.
കുഞ്ഞിക്കണ്ണന്റെ കാൽച്ചുവടു കേൾക്കാം,
കുഴലൂതും മാധവനെ കാണാം,
വെണ്ണക്കുടം തകർത്തൊരു കള്ളച്ചിരിയിൽ,
വൃന്ദാവനം മുഴുവൻ ആനന്ദമാകാം.
രാധയുടെ ഹൃദയത്തിൽ രാഗമായ് നീ,
ഗോപികമാരുടെ സ്വപ്നമായ് നീ,
ദുഃഖമകറ്റുന്ന ദിവ്യനാമമായ് നീ,
ധർമ്മം കാക്കുന്ന ദൈവമായ് നീ.
ജന്മാഷ്ടമി നാളിൽ വിളക്കുകൾ തെളിയാം,
കൃഷ്ണനാമം ചൊല്ലി ഹൃദയം നിറയാം,
സ്നേഹവും കരുണയും ലോകത്ത് പകരാം,
കണ്ണന്റെ പാതയിൽ നമ്മളും നടക്കാം.
ഹരേ കൃഷ്ണാ എന്ന് പാടാം ഒരുമിച്ച്,
ഗോവിന്ദാ എന്ന് വിളിക്കാം സ്നേഹത്തോടെ,
മുരളീധരൻ കാത്തിടട്ടെ നിത്യവും,
കൃഷ്ണകൃപയാൽ ജീവിതം ധന്യമാകട്ടെ.
രചന: ജി ആർ കവിയൂർ
03 09 2026
( തിരുവല്ല , കവിയൂർ)
Comments