ശ്രീവല്ലഭ പ്രഭോ സ്തുതി

ശ്രീവല്ലഭ പ്രഭോ സ്തുതി 



ശ്രീവല്ലഭാ! നിന്നുടെ ദിവ്യരൂപമരികിൽ
കണ്ടൊന്നു കൈകൂപ്പിടുവാൻ,
സായാഹ്നം നിൻ തിരുനടയിൽ എത്തിനിൽക്കുമ്പോൾ...

(ശ്രീവല്ലഭാ! ഭഗവാനേ,
അടിയന്റെ സങ്കടം അകറ്റീടണേ!)

കണ്ടൂ മനസ്സിൽ ആ ചാരുരൂപമടിയൻ,
എൻ മുന്നിലായെത്തിയോരപൂർവ്വാനുഭൂതി!
ആ ചതുർബാഹു ബിംബമെന്നിൽ നിറച്ചു
ഭക്തി തൻ പാരമ്യം, മഹാപ്രഭോ!

(ശ്രീവല്ലഭാ! ഭഗവാനേ,
അടിയന്റെ സങ്കടം അകറ്റീടണേ!)

പെരുമയാർന്നൊരു നൂറ്റൊന്ന് വൈഷ്ണവാലയങ്ങളിൽ 
ഒന്നാം ശ്രീലകമതിലകത്തിരുനടയിൽ,
സഹസ്രകോടി ജനങ്ങൾ വണങ്ങിടും 
അടിയനുമൊരാശ്രയം ശ്രീവല്ലഭ പ്രഭോ!

(ശ്രീവല്ലഭാ! ഭഗവാനേ,
അടിയന്റെ സങ്കടം അകറ്റീടണേ!)

ലക്ഷ്മീപതിയാമവിടുത്തെ ദിവ്യമാം
രൂപം തൊഴുതു വണങ്ങി നിൽക്കേ,
വൈഷമ്യമെല്ലാമകന്നു മനസ്സിതാ
വൈകുണ്ഠധാമത്തിലണഞ്ഞ പോലെ!

(ശ്രീവല്ലഭാ! ഭഗവാനേ,
അടിയന്റെ സങ്കടം അകറ്റീടണേ!)

ശാന്തിയും സമാധാനവും ഐശ്വര്യവും 
സാഫല്യവുമേകിടൂ ശ്രീവല്ലഭാ!
സകല സങ്കടഭാരവുമടിയൻ
തിരുമുമ്പിലർപ്പിച്ചിടുന്നേൻ!

(ശ്രീവല്ലഭാ! ഭഗവാനേ,
അടിയന്റെ സങ്കടം അകറ്റീടണേ!)

അറിവോളമതിൻ ആഴം സർവ്വവും 
തിരുമേനി അവിടുന്നു അറിയുന്നുവല്ലോ ശ്രീവല്ലഭാ!
മനംനീറിയുരുകുമ്പോൾ കേവലം
ഒരുനോക്കുതന്നാൽ മതിയാം!

(ശ്രീവല്ലഭാ! ഭഗവാനേ,
അടിയന്റെ സങ്കടം അകറ്റീടണേ!)

അനുതാപമകറ്റും കൃപാനിധേ,
അനുഗ്രഹം ഏകീടണേ!
തിരുവാറന്മുളയപ്പന്റെ സോദരനായ് വാഴും 
തിരുവല്ലഭൻ തൻ പാദപങ്കജങ്ങളിൽ...

(ശ്രീവല്ലഭാ! ഭഗവാനേ,
അടിയന്റെ സങ്കടം അകറ്റീടണേ!)

അടിയന്റെ ജന്മദുരിതങ്ങളെയെല്ലാം 
സമർപ്പിച്ചു തൊഴുന്നേൻ ജഗൽപതേ!
ശ്രീവല്ലഭാ! ഭഗവാനേ,
അടിയന്റെ സങ്കടം അകറ്റീടണേ!

ജീ ആർ കവിയൂർ 
03 06 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത