മനസ്സുണർന്നു .....




മനസ്സുണർന്നു .....

ചുട്ടെരിച്ചു പിടിച്ചു താളത്തിനൊത്ത്
പച്ച തപ്പു കൊട്ടി വലവംവച്ചു 

കാവുണർത്തി കാവിലമ്മ വരവായി 
വലത്തൊഴിഞ്ഞു യക്ഷി വഴി മാറി 

പടയൊരുങ്ങി പടപ്പാടായകറ്റി 
പാപങ്ങളെ ഉഴിഞ്ഞു മാറ്റി 
  
ചെഞ്ചാറ്, മഞ്ഞൾ, കരിക്കട്ടകളാൽ 
കവുങ്ങിൻ പാളകളിൽ  ദ്രംഷ്ട്ടം കാട്ടി 

ചിരിച്ചുവർണ്ണങ്ങൾ നിറഞ്ഞു 
കാച്ചിക്കെട്ട് കഴിഞ്ഞൊരോ ദിനങ്ങളിലും  

കളം തൊട്ടു വണങ്ങി ഭൂത ഗണങ്ങൾ 
നന്ദികേശൻ, രുരു, കുണ്ഡോദൻ 

പന്തങ്ങളുടേയും വെളിച്ചത്തിൽ 
തുള്ളിയുറയുന്നതാ കാണ്മു 

താവടിതുള്ളി ഭക്തിയാൽ
അടവിയാടി കാപ്പൊലിച്ചു ....

പാട്ടിന് ലഹരി ഉണർന്നു 
മനസ്സ് ഉണർന്നു നാടുണർന്നു 

ഗണപതിക്കോലം, യക്ഷിക്കോലം, 
പക്ഷിക്കോലം, മാടന്‍കോലം,  

കാലന്‍കോലം, മറുതക്കോലം,
പിശാചുകോലം, ഗന്ധര്‍വ്വന്‍കോലം

ഭൈരവികോലങ്ങളോരോന്നായ് വന്നകന്നു 
അദൃശ്യയായി സാന്നിധ്യമറിയിച്ചു 

ദാരികനിഗ്രഹിയാം ശിവസുത 
സംപ്രീതയായിയമ്മ  ഭദ്രകാളി 

അനുഗ്രഹം ചൊരിഞ്ഞു ഭക്തന്റെ 
മനസ്സും ശരീരവും ഐക്യതയാർന്നു ..!!


ജീ ആർ കവിയൂർ
19 .08.2020

ചിത്രത്തിന് കടപ്പാട് ദത്തൻ കവിയൂർ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “