സമയം കഴിഞ്ഞു പോയി
സമയം കഴിഞ്ഞു പോയി
കല്ലും കമ്പും കൊണ്ടെറിഞ്ഞ്
മാങ്ങയുടെ പുളിയറിഞ്ഞ് രസിക്കാനും പുളഞ്ഞു പോകുന്ന പുളവനെ തല്ലിയോടിക്കാനും
തൊടിയിലെ തുമ്പിയെ ഞൊടിയിടയിൽ പിടിക്കുവാൻ പിന്നാലെ പാഞ്ഞതും
അയലത്തെ പെണ്ണ് അവൾ വച്ചു കളിക്കും
മണ്ണപ്പവും ഇലകളും തട്ടിത്തെറിപ്പിച്ച്
ഓടിയകലുവാനും അകലത്തുനിന്നും
കുവും കൂയിലിനോട് മത്സരിച്ചു കൂവി വിളിക്കുവാനും
വളയം ഉരുട്ടി കൊണ്ടു ചെമ്മൺ പാതയിലൂടെ ചൂളംകുത്തി ഓലമിട്ടു പോകാനും ഗോലികളിച്ചു മോട്ടയ്ക്ക് അടിയേൽക്കാനും
ടാക്കീസിൻെറ വാഹനത്തിൻ പിന്നാലെ നോട്ടീസിനായി പാറിപ്പറന്നു പിടിച്ചെടുക്കുവാനും
പാഴ് മുളം തണ്ടു കൊണ്ട് പച്ചത്തെങ്ങോല കൊണ്ടും പീപ്പിയും വാച്ചുകെട്ടി
ഓടിക്കളിച്ചു കളിയാക്കിപേരുവിളിച്ചു നടക്കുവാനും ഊർന്നു പോകാതെ വള്ളിനിക്കർ തുമ്പു പിടിച്ചു പള്ളിക്കൂടത്തിലേക്കു പോയി
നാലുമണിക്കു ബഹളവുമുണ്ടാക്കി കൂട്ടുകാരോടൊപ്പം മഴവെള്ളം
തല്ലി തെറിപ്പിച്ച് ആനയെ വിഴുങ്ങാനും ഉള്ള വിശപ്പുമായി വീടണയുവാനും
നെല്ലി മരച്ചുവട്ടിലും അല്ലിയാമ്പൽ പറിച്ചതും കൊണ്ട് കുഞ്ഞി പെണ്ണിനു നൽകി കണ്ണുപൊത്തി ചിരിക്കുവാനും
ഇനിയും ആവുകയില്ല കഷ്ടം
ഓർത്തു ഖിന്നനായി വീണ്ടും
സ്വന്തം ബാല്യത്തിലേക്ക് മടങ്ങുവാൻ ആകാതെ സമയം കഴിഞ്ഞു പോയല്ലോ
എന്ന അല്പം സ്വല്പം ജ്ഞാനമൊർത്ത്
നടുങ്ങി നടന്നടുക്കുന്നു നിത്യശാന്തിയോളം
ജി ആർ കവിയൂർ
01 10 2021
Comments