ജീവിത സായന്തനം
ജീവിത സായന്തനം
കൂടുവിട്ടോടിയ പക്ഷികൾക്കായി നാം
കൂടു ചമച്ചു വിളക്കു വെച്ചു,
അവർ തൻ ചിരികളിൽ നമ്മൾ മയങ്ങി,
അറിയാതെ പ്രായം കടന്നുപോയി.
മണ്ണിൽ വിയർപ്പൊഴുക്കി നേടിയതൊക്കെയും
മക്കൾക്കായി നൽകി നാം നിർവൃതിയോടെ,
ഇന്നിതാ വാർദ്ധക്യ ദേഹവുമായ് നമ്മൾ
ഉമ്മറപ്പടിയിൽ തനിച്ചിരിപ്പൂ.
നഗരത്തിരക്കിലെ പുതിയൊരു ലോകത്തിൽ
നമ്മെ മറന്നു സുഖിക്കുമവർ,
പഴയൊരു വാക്കിൻ മധുരവുമില്ലിപ്പോൾ
അന്യരായെന്നപോൽ മാറി നിൽപൂ.
വേണ്ടിരുന്നില്ലീ വലിയൊരു സമ്പാദ്യം,
വേണ്ടിരുന്നതു വെറുമൊരു സാന്ത്വനം;
സ്നേഹമില്ലാത്തിടം ശൂന്യമാണെന്നിതാ
കാലം പഠിപ്പിച്ച പാഠമല്ലോ.
ഇനിയുള്ള യാത്രയിൽ നമ്മൾ മാത്രമാണീ
വഴിയിൽ തുണയായ് നടന്നിടേണ്ടത്,
ആത്മബലം കൈവിടാതെ മുന്നോട്ട്
ആവോളമീ ജീവിതം ആസ്വദിക്കാം.
മക്കൾ തൻ ലോകം അവർക്കു നൽകീടുക,
നമ്മുടെ ലോകം നമുക്കുമാകാം;
"മക്കളെ കണ്ടും മാമ്പൂവ് കണ്ടും
കൊതിക്കരുത് ഒരിക്കലും" എന്നോർക്കാം.
പരസ്പരം താങ്ങായ് തണലായ് മാറുമ്പോൾ
പാഴ്നിലാവല്ലീ വാർദ്ധക്യകാലം,
തുണയായ് വിരലുകൾ കോർത്തു പിടിച്ചീടാം
ഇനിയുള്ള യാത്ര തൻ പാതകളിൽ.
ജീ ആർ കവിയൂർ
24 05 2026
(കവിയൂർ ,തിരുവല്ല)

Comments