കവിത നൽകിയ ആത്മ സംതൃപ്തി

 കവിത നൽകിയ
 ആത്മ സംതൃപ്തി

എന്തേ നീ കേൾക്കാതെ പോയി?
എരിയുന്ന വേനലിൻ്റെ നോവിൽ,
മിഴിനീരൊഴുകിയ കവിളിലെ ലവണത്തിൻ നഖക്ഷതങ്ങൾ.

വേഴാമ്പൽ മനസ്സായി മാറുമ്പോൾ,
കേട്ടുവോ നിൻ കാൽച്ചിലമ്പൊലി?
കാതിലലച്ചു മിന്നൽപിണരിൻ്റെ നാദം,
മയിലുകൾ പീലി വിടർത്തിയാടി.

മണ്ണിൻ്റെ ഗന്ധമായ് നിന്നോർമ്മകൾ,
മനസ്സിൻ്റെ താളുകളിൽ ഒളിപ്പിച്ച തൂവലും,
വർണ്ണങ്ങൾ വിതറിയ വളപ്പൊട്ടുകളും,
എന്നിലെ മധുരനോവിൻ മഷിയാൽ കുറിച്ചു നിനക്കായ് ഈ അക്ഷരമലരുകൾ.

അലയൊടുങ്ങാത്തൊരീ ആത്മദാഹം, നിന്നിലലിയുന്നൊരദ്വൈത സത്യമായ്,
കാലാതീതമാം നിൻ കാരുണ്യവർഷത്തിൽ, എൻ മൗനം പ്രണവമായ് മാറുന്നു.

ആദിമധ്യാന്തമില്ലാത്തൊരു മഹാപ്രവാഹമായ്, എന്നിൽ നീ നിറയുമ്പോൾ,
ഞാനെന്ന തുള്ളി നിൻ നിത്യതതൻ സാഗരത്തിൽ, എന്നേക്കുമായ് ലയിക്കുന്നു.

ജീ ആർ കവിയൂർ 
27 04 2026
(കവിയൂർ , തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത