തലമുറകളുടെ തീരങ്ങളിൽ നിന്ന്
തലമുറകളുടെ തീരങ്ങളിൽ നിന്ന്
അനന്തമാം കാലപ്രവാഹത്തിൻ തീരത്ത്
അറിവിൻ വലയെറിഞ്ഞു നിൽപ്പു മർത്യർ;
മുന്നിൽ പരന്നുകിടക്കും സാഗരത്തിൽനിന്ന്
തലമുറകൾ നാളെയുടെ വെളിച്ചം തേടുന്നു.
പച്ചപ്പുതച്ച മലനിരതൻ സാന്നിധ്യത്തിൽ
പ്രകൃതിതൻ ചൈതന്യം നെഞ്ചിലേറ്റുന്നു;
കൺമുന്നിൽ കാണുന്നീ വിസ്മയക്കാഴ്ചകൾ
പുതിയൊരു പ്രത്യാശതൻ ചിറകുകൾ നൽകുന്നു.
ഒരു കൈയിൽ അനുഭവത്തിൻ കരുത്തുമായി
മറുകൈയിൽ സ്വപ്നത്തിൻ നൂലുകൾ കോർത്തു;
തലമുറകൾ കൈമാറും ജ്ഞാനത്തിൻ വിത്തുകൾ
ഈ മണ്ണിൽ വീണ്ടും മുളച്ചുയരുന്നു.
കാഴ്ചകൾക്കപ്പുറമുള്ളൊരു സത്യം തേടി
ഈ യാത്ര തുടരുന്നു നിശ്ശബ്ദമായി;
പ്രകൃതിയോടിണങ്ങിയീ ജീവിതയാത്രയിൽ
മാനവർ പ്രപഞ്ചത്തിൻ സ്പന്ദനം തൊട്ടറിഞ്ഞുവെങ്കിൽ ?!!
വസുധൈവ കുടുംബകമെന്ന ചിന്തയാൽ
ലോകസമസ്താ സുഖിനോ ഭവന്തുവെന്ന
പ്രാർത്ഥനയോടെ സമർപ്പിക്കുന്നു...
(ഇത് എഴുതാൻ ഉള്ള സാഹചര്യം ഒരു ചിത്രമാണ്)
ജി ആർ കവിയൂർ
24/05/2026
(കവിയൂർ, തിരുവല്ല)

Comments