തുളസിമഹിമ

തുളസിമഹിമ

പ്രഭാതമഞ്ഞില്‍ തുളസിയില ചിരിക്കും,
പൂമുഖവാതില്‍ പുണ്യമഴ പെയ്യിക്കും,
നാമജപങ്ങള്‍ കാറ്റിലൂടെ ഒഴുകും,
നന്മയുടെ ദീപം ഹൃദയത്തില്‍ തെളിയും.

ചെവിക്കുപിന്നില്‍ ഇല ചാര്‍ത്തിയ നേരം,
ശരീരമാകെ പടരുമൊരു സൌഖ്യം,
പഴമയുടെ ജ്ഞാനം തലമുറ പാടും,
പച്ചയുടെ സുഗന്ധം മനസിനെ തഴുകും.

കിഴക്കോട്ടുനോക്കി തറയിലവള്‍ നില്‍ക്കും,
കിരണങ്ങളുടെ താലോലിപ്പില്‍ വിരിയും,
സന്ധ്യാദീപത്തിന്‍ ജ്വാലകള്‍ ചിരിക്കും,
സൗഭാഗ്യകാറ്റുകള്‍ വീടുകളില്‍ നിറയും.

ലക്ഷ്മിയുടെ ചായല്‍ ഭൂമിയില്‍ വന്നു,
ധര്‍മധ്വജന്റെ ഭവനത്തില്‍ വളര്‍ന്നു,
വിഷ്ണുവിന്‍ സ്നേഹം ഹൃദയത്തില്‍ നിറഞ്ഞു,
ഭക്തിയുടെ പാതയില്‍ തപസ്സായി നിന്നു.

ശംഖുചൂഡന്റെ ജീവിതത്തില്‍ ചേര്‍ന്നു,
പാതിവ്രത്യത്തിന്റെ മഹിമയായി തീര്‍ന്നു,
ദേവരുടെ ദുഃഖം കണ്ടവള്‍ കരഞ്ഞു,
ധര്‍മത്തിന്റെ വഴിയില്‍ ആത്മാവായ് ലയിച്ചു.

ഗണ്ഡകിനദിയായ് ഭൂമിയിലൂടെ ഒഴുകും,
വിഷ്ണുവിന്‍ മാലയായി കഴുത്തില്‍ ചേരും,
തുളസിദളങ്ങള്‍ പൂജകളില്‍ വിരിയും,
ലോകത്തിനു നിത്യശാന്തിയായി നിലക്കും.

ജി ആർ കവിയൂർ
23 05 2026
(കവിയൂർ, തിരുവല്ല)



Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത