മഞ്ഞിൻ ചുംബനം( ഗാനം)
മഞ്ഞിൻ ചുംബനം( ഗാനം)
മഞ്ഞു മെല്ലെ ഉമ്മവെച്ചപ്പോൾ മനസ്സുണർന്നു,
മലർവാടിയിൽ മന്ദഹാസം പൊഴിഞ്ഞു;
മൗനവീണയിൽ മധുരരാഗം പിറന്നു,
മാരിവിൽ വർണ്ണം ചുണ്ടിൽ വിരിഞ്ഞു.
പുലരിക്കാറ്റിൽ പുഞ്ചിരി തൂകി,
പൂങ്കാറ്റ് കാതിൽ പ്രണയം പറഞ്ഞു;
നിലാവിൻ നൂലിഴ നെഞ്ചിൽ തഴുകി,
നിശാഗന്ധിമണം സ്വപ്നമായ് പടർന്നു.
കിനാവിൻ തീരത്ത് നീ വന്ന നേരം,
കിളികൾ പോലും കാതോർത്തുനിന്നു;
നിന്റെ മൗനം മൊഴിയായ് മാറി,
നെഞ്ചിൽ പുതുഗാനം മെല്ലെ പിറന്നു.
നിന്റെ മിഴികളിൽ നോക്കിയ നേരം,
നേരം പോലുമൊന്നു നിന്നുപോയി;
തളിരിട്ട മോഹം പൂവായ് വിടർന്നു,
തനുമനമാകെ നിന്നിലലിഞ്ഞു.
ഇനിയീ വസന്തം മായാതിരിക്കട്ടെ,
ഇണയായ് നീയെൻ അരികിൽ നിൽക്കൂ;
മാഞ്ഞുപോകാത്ത മധുരസ്വപ്നമായി,
മിഴികളിൽ എന്നും നീ പൂത്തുനിൽക്കൂ.
ജീ ആർ കവിയൂർ
05-10-2026
(തിരുവല്ല, കവിയൂർ)
Comments