കെട്ടഴിയുന്ന നിമിഷം

കെട്ടഴിയുന്ന നിമിഷം
മായയുടെ മേളത്തിൽ
മോഹം നിറയുന്നു,
കണ്ണിനു കാണുന്നതെല്ലാം
സത്യമെന്നു തോന്നുന്നു.

പൊന്നിന്റെ തിളക്കത്തിൽ
കാഴ്ച മങ്ങുന്നു,
കൈവശമുള്ള നിധികൾ
കാറ്റിൽ പറക്കുന്നു.

നാളെയുടെ സ്വപ്നത്തിൽ
ഇന്നിനെ മറക്കും,
കൈവന്ന നിമിഷങ്ങൾ
കാലത്തിൽ അകലും.

വിത്തിട്ട ചിന്തകൾ
മണ്ണിൽ പതിയും,
കാലം കടന്നെത്തുമ്പോൾ
ഫലമായ് വരും.

നന്മയുടെ പൂക്കൾ
സുഗന്ധം പകരും,
തിന്മയുടെ മുള്ളുകൾ
പാദത്തിൽ തറക്കും.

പറഞ്ഞൊരു വാക്കിന്റെ
മുറിവ് ശേഷിക്കും,
നിശ്ശബ്ദമായ വേദന
ഉള്ളിൽ വളരും.

ആഗ്രഹനൂലുകൾ
കുരുക്കായ് മുറുകും,
അവകാശബോധങ്ങൾ
ബന്ധമായ് തീരും.

സ്നേഹിച്ചവർ അകലുമ്പോൾ
വില തിരിച്ചറിയും,
നൽകിയ കരുതലിന്റെ
ചൂട് ഓർത്തറിയും.

ലോകത്തിന്റെ തിരക്കിൽ
ദൂരങ്ങൾ തേടും,
ഹൃദയത്തിന്റെ ശബ്ദം
പതിയെ മറക്കും.

അറിവിന്റെ വെളിച്ചം
ഉള്ളിൽ തെളിയും,
അഹങ്കാരമേഘങ്ങൾ
മെല്ലെ പിരിയും.

ബന്ധങ്ങളെ വിട്ടല്ല
ബന്ധനം മുറിക്കേണ്ടത്,
മോഹത്തിന്റെ കെട്ടിൽ
നിന്നാണ് ഉണരേണ്ടത്.

ചെയ്തതിനെ ഭയന്ന്
പിന്നോട്ട് പോകരുത്,
ചിന്തകളെ ശുദ്ധമാക്കി
മുന്നോട്ട് നീങ്ങുക.

‘ഞാൻ’ എന്ന തിരശ്ശീല
താഴേക്ക് വീഴുമ്പോൾ,
അകത്തെ നിശ്ശബ്ദം
സത്യമായ് സംസാരിക്കും.

ഒടുവിൽ തെളിയും
ജീവിതസത്യം—
പുറത്ത് തേടിയ മോചനം
ഉള്ളിലാണെന്ന സത്യം.

കാലത്തിന്റെ പാതയിൽ
ശരീരം മറയും,
നൽകിയ സ്നേഹത്തിന്റെ
ചൂട് മാത്രം ശേഷിക്കും.

രചന: ജീ ആർ കവിയൂർ
29 -09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത