അലങ്കാരം
അലങ്കാരം
ശരീരം നശ്വരമെന്നറിഞ്ഞിട്ടും
എന്തിനീ അണിഞ്ഞൊരുങ്ങൽ?
മണ്ണിൽ നിന്നു പിറന്ന ദേഹത്തിന്
മണ്ണിലേക്കല്ലേ ഒടുവിൽ മടക്കം?
പ്രകൃതി തന്ന ഭംഗിയുണ്ടെങ്കിൽ
പിന്നെന്തിനീ കൃത്രിമച്ചായം?
വിടരുന്നൊരു പൂവിനോട്
ആരാണു നിറം തേച്ചുകൊടുക്കുക?
സുഗന്ധമുള്ള പുഷ്പമെങ്കിൽ
കാറ്റിനോട് ചോദിക്കുമോ മണം?
നന്മയുള്ളൊരു ഹൃദയമെങ്കിൽ
വാക്കുകൾക്കുണ്ടാകുമോ വേറൊരു സുഗന്ധം?
ഇത്തർ പൂശിയ ശരീരത്തിന്
എത്രനാൾ മണം നിലനിൽക്കും?
കാലത്തിന്റെ വിരലൊന്നു തൊട്ടാൽ
കൃത്രിമഗന്ധമെല്ലാം മാഞ്ഞുപോകും.
കണ്ണാടിയിൽ കണ്ട സൗന്ദര്യം
കാലം പതിയെ കവർന്നെടുക്കും;
പക്ഷേ, ഹൃദയത്തിൽ വിതച്ച നന്മ
കാലത്തിനും കവർന്നെടുക്കാനാവില്ല.
സ്വർണ്ണം ചാർത്തിയ ശരീരവും
ഒടുവിൽ വെറും മണ്ണാകും;
പട്ടുടുത്ത രാജാവും
ശവക്കച്ചയിൽ ഒരുപോലെയാകും.
അപ്പോൾ എന്തിനീ അഹങ്കാരം?
എന്തിനീ പുറംപ്രദർശനം?
ജീവിതം കടം വാങ്ങിയ ശ്വാസമെങ്കിൽ
അലങ്കാരം എന്തിന്,
അർത്ഥം തേടാത്ത ജീവിതം എന്തിന്?
ശരീരം സൂക്ഷിക്കുന്നതിലല്ല
ജീവിതത്തിന്റെ മഹത്വം;
ശരീരം വിട്ടുപോയ ശേഷവും
ഓർമ്മിക്കപ്പെടുന്ന മനുഷ്യനാകുന്നതിലാണ്.
മണ്ണിനടിയിൽ മുഖം കാണില്ല,
പേരിനൊപ്പം വസ്ത്രവും വരില്ല;
നീ ചെയ്ത നന്മകളല്ലാതെ
മറ്റൊന്നും നിന്നോടൊപ്പം വരില്ല.
അതുകൊണ്ട് അലങ്കരിക്കേണ്ടത്
ഈ നശ്വര ശരീരത്തെയല്ല—
ഒരുനാൾ മങ്ങിപ്പോകാത്ത
നിൻ ആത്മാവിന്റെ സൗന്ദര്യത്തെയാണ്.
ജീ ആർ കവിയൂർ
03 10 2026
( തിരുവല്ല, കവിയൂർ)
Comments