ഒറ്റക്കിരുന്നു
ഒറ്റക്കിരുന്നു
ഒറ്റക്കിരുന്നു പാടിയ പാട്ടിലൊക്കെ
ഓർമ്മയുടെ മിഴിത്തുമ്പിൽ നീ മാത്രമായിരുന്നു,
മൗനത്തിന്റെ വീണയിൽ മീട്ടിയ താരമായി
മനസ്സിൽ നിറഞ്ഞൊരു സ്നേഹമായിരുന്നു.
നിലാവിന്റെ നിഴലിൽ തനിച്ചിരിക്കുമ്പോൾ
നിറയുന്നു ഇന്നും പഴയൊരു നൊമ്പരം,
കാറ്റിന്റെ കൈകളിൽ തഴുകിയെത്തുമ്പോൾ
കാതിൽ മുഴങ്ങുന്നു പരിചിത ഗാനം.
വഴിയരികിൽ കാത്തുനിന്ന സന്ധ്യകളൊക്കെയും
മാഞ്ഞുപോയ കാലത്തിൻ ചിത്രങ്ങളായി,
വരാതിരുന്ന കാലടിപ്പാടുകൾ തേടി
വഴിതെറ്റിയൊരു കാറ്റായ് ഹൃദയം അലഞ്ഞു.
ഇന്നും ഞാൻ പാടുന്ന ഓരോ വരിയിലും
ഇടറുന്ന സ്വരത്തിൽ പഴയൊരു തേങ്ങൽ,
കാലം മായ്ച്ചാലും മായാത്തതെന്തോ
കണ്ണിന്റെ കോണിൽ നനവായ് ശേഷിക്കുന്നു.
രചന: ജീ ആർ കവിയൂർ
29 -09-2026
(തിരുവല്ല, കവിയൂർ)
Comments