ചഷകമേ
ചഷകമേ
മദ്യം പകർന്നു വീഴ്ത്താൻ ആർക്കും കഴിയും,
വീണുപോയവനെ താങ്ങുന്നതിലാണ് മഹത്വം;
ലഹരി ചുണ്ടുകളെ മാത്രം തഴുകുമ്പോൾ,
കരുണയൊരു ഹൃദയത്തെ ഉണർത്തുന്നു.
കുപ്പികളിലെ ലഹരി രാത്രിയെ മറക്കിക്കും,
മനസ്സിലെ മുറിവുകൾ മായുകയില്ല;
ഒരു സ്നേഹസ്പർശം തകർന്ന ആത്മാവിൽ വീണാൽ,
ഇരുളിലും പ്രതീക്ഷയുടെ നാളം തെളിയും.
വീഴ്ചയെ നോക്കി ചിരിക്കാൻ കാണികളേറെ,
കൈ നീട്ടി ഉയർത്താൻ വിരളമൊരു മനസ്സ്;
ജീവിതം ചോദിക്കുന്നത് വീണതിന്റെ എണ്ണമല്ല,
വീണവന് താങ്ങായോ എന്നതത്രേ.
ചഷകമേ, നീ നിറയുന്നത് മദ്യത്താലെങ്കിൽ,
മനുഷ്യഹൃദയം നിറയട്ടെ കരുണയാൽ;
വീഴ്ത്തിയ കൈകൾ മറഞ്ഞുപോകും കാലത്തിൽ,
താങ്ങിയ കൈകൾ ഒരു ജീവിതമായി ഓർമ്മയാകും.
ജീ ആർ കവിയൂർ
05-10-2026
(തിരുവല്ല, കവിയൂർ)
Comments