മൗനത്തിന്റെ ഭാഷ

മൗനത്തിന്റെ ഭാഷ
വാക്കുകളേറെ വിതുമ്പുമ്പോഴും
വാതിലടയ്ക്കാറുണ്ടൊരു മൗനം;
എല്ലാം പകരുക സാധ്യമല്ലാ—
തുള്ളിയൊതുക്കും നോവുകൾ പോലെ.

തെറ്റിദ്ധാരണ പൂണ്ടൊരു മിഴിയിൽ
സത്യമെഴുതാൻ തുനിയരുതാരും;
കേൾക്കാൻ മടിയുള്ളോർ തൻ മുന്നിൽ
വ്യർത്ഥമതല്ലോ നീതിവിചാരം.

വാദങ്ങൾക്കൊടുവിൽ പതിയെയടങ്ങി
വേർപെടുകയാണോരോ നിനവും;
ശേഷിപ്പായ് മനമുരുകിയൊടുവിൽ
പൂക്കുവതൊരു ശാന്തത മാത്രം.

തോൽവിയതല്ലീ ശാന്തനിശ്ശബ്ദത,
കാലം തീർത്തൊരു പക്വതയത്രേ;
സ്വയമറിയുന്നൊരു സത്യത്തിന്നായ്
വാക്കുകൾ കൊണ്ടൊരു വാദമതെന്തിന്!

ജീ ആർ കവിയൂർ 
04 10 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത