എന്റെ മൗനത്തിന്റെ അതിരുകൾ

എന്റെ മൗനത്തിന്റെ അതിരുകൾ
ചോദിക്കരുത് എന്നെ, ഞാൻ ആരാണെന്ന്,
കാലം പറയും ഞാൻ ആരായിരുന്നെന്ന്.
നീ അപവാദം ചൊല്ലിക്കൊൾക,
നിന്റെ വാക്കുകൾ എത്തുന്നിടത്തോളം.

സ്വന്തമെന്നു കരുതി നിന്നെ
ഹൃദയത്തോട് ചേർത്തു നിർത്തിയതാണ്,
വിട്ടുകളഞ്ഞതിനെ ദൗർബല്യമെന്നു കരുതേണ്ട,
നിന്റെ ശക്തി എത്രയെന്ന് ഞാനും കാണട്ടെ.

എന്റെ മൗനത്തെ
തോൽവിയായി കരുതരുത്,
അത് സഹനത്തിന്റെ ആഴമാണ്,
ക്ഷമയ്ക്കും ഒരുനാൾ അതിരുണ്ട്.

വേണമെങ്കിൽ നഗരമൊട്ടാകെ
എന്റെ പേരിൽ കഥകൾ പറഞ്ഞുകൊൾക,
നിന്റെ ശബ്ദം എത്ര ദൂരമെത്തുമെന്ന്
ഞാനും ഒന്നു കേൾക്കട്ടെ.

കല്ലെറിഞ്ഞ കൈകൾ മറന്നാലും
മുറിവുകൾ മറക്കില്ല കാലം,
ചിരിച്ചുകൊണ്ട് സഹിച്ച വേദനകൾ
ഒരു നാൾ സാക്ഷികളാകും.

ഞാൻ പ്രതികാരം തേടുന്നില്ല,
കാലത്തെയാണ് വിശ്വസിക്കുന്നത്;
നീ വിതച്ചതിന്റെ നിഴൽ
ഒടുവിൽ നിന്നെ തന്നെ പിന്തുടരും.

എന്റെ വഴിയിൽ മുള്ളുകൾ വിതച്ചാൽ
ഞാൻ വഴിമാറിപ്പോകില്ല,
കാലുകൾ മുറിഞ്ഞാലും
നടക്കാനുള്ള മനസ്സ് തളരില്ല.

നീ താഴ്ത്താൻ ശ്രമിച്ചിടത്തോളം
ഞാൻ എന്നെ ഉയർത്തിക്കൊണ്ടിരിക്കും,
എന്റെ വില നിശ്ചയിക്കുന്നത്
നിന്റെ വാക്കുകളല്ല, എന്റെ ജീവിതമാണ്.

ഒടുവിൽ ആരാണ് ശരിയെന്ന്
ലോകത്തോട് പറയേണ്ടതില്ല,
കാലം തന്നെ ഒരുനാൾ
എല്ലാ കണക്കുകളും തീർക്കും.

അന്ന് എന്റെ മൗനത്തിന്റെ അർത്ഥവും,
നിന്റെ വാക്കുകളുടെ വിലയും
നമ്മൾ രണ്ടുപേരും തിരിച്ചറിയും—
അവിടെവരെ...
ഞാൻ മൗനമായി നടക്കട്ടെ.

ജീ ആർ കവിയൂർ 
03 10 2026
( തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത