സ്നേഹത്തണലിൽ
സ്നേഹത്തണലിൽ
പൊന്നോളി പരന്ന പാടത്തിൻ മാറിൽ
പച്ചിലച്ചാർത്തിൻ കുളിർക്കാറ്റിൽ
പുന്നാരത്തിങ്കൾ പൂത്തുനിൽക്കുംപോൽ
ചന്തമേറും നാടൻ വഴിയിൽ
കതിരോലയാടും വയലേല നോക്കി
മിഴിപൂട്ടുമാ കാവ്യഗീതങ്ങൾ
കൈകോർത്തു മെല്ലെ നടന്നകലുന്ന
തേൻമധുരമാം പഴയ ഓർമ്മകൾ
നാട്ടിൻപുറത്തിൻ സ്നേഹത്തണലിൽ
പാടുന്നു പൂന്തെന്നൽ ആകാശഗീതം
പൂത്തിരി പൂക്കും മരത്തണലിൽ
പൈങ്കിളിപ്പെണ്ണിൻ മണിനാദം
പാടവരമ്പത്തെ പാതയോരത്ത്
കൂട്ടുചേരും സ്നേഹസംഗമം
വണ്ടിയിളകി നീങ്ങും വഴിയിലൂടെ
മിന്നിത്തിളങ്ങും നിലാവിൻ രാവുകൾ
പുഴയോരഭംഗിയിൽ പുഞ്ചിരി തൂകി
നെഞ്ചിൻ കിളിവാതിൽ തുറക്കുമേ
നാട്ടിൻപുറത്തിൻ സ്നേഹത്തണലിൽ
പാടുന്നു പൂന്തെന്നൽ ആകാശഗീതം
മേളപ്പെരുക്കത്തിൻ താളത്തിൽ അമ്പലം
ദീപം തെളിയുന്ന തിരുമുറ്റം
കൈകോർത്തു നീങ്ങും കാലടിത്താളത്തിൽ
പൂത്തുലയും സുവർണ്ണവസന്തം
തെന്നലുറങ്ങുന്ന നാട്ടിൻപുറത്തിൻ
നക്ഷത്രവാനത്തിൻ കീഴിലായ്
സ്നേഹം തുളുമ്പുന്ന ഈ മണ്ണിൽ എന്നും
പാടിയ പാട്ടിൻ തുടിപ്പുകളായ്
നാട്ടിൻപുറത്തിൻ സ്നേഹത്തണലിൽ
പാടുന്നു പൂന്തെന്നൽ ആകാശഗീതം
ജീ ആർ കവിയൂർ
06 -10-2026
(തിരുവല്ല, കവിയൂർ)
Comments