മലയാള കാവ്യ സ്മൃതികൾ - ജീ ആർ കവിയൂർ
മലയാള കാവ്യ സ്മൃതികൾ - ജീ ആർ കവിയൂർ
മലയാള കാവ്യ സ്മൃതികൾ - ജീ ആർ കവിയൂർ
(I )
മലയാളത്തെയേറെ ലാളിച്ചു
മലയാഴ്മ നൽകിയകന്ന
വിസ്മൃതിയിലാണ്ട കവികളെ
വീണ്ടും സ്മരിച്ചീടാമിന്നു
എളുതായിട്ട് ഈയുള്ളവന്റെ
ഉദ്യമങ്ങൾക്കു കുറവുണ്ടെങ്കിൽ
സാദരമെവരും പൊറുക്കുമല്ലോ
(II )
നിരണത്തു നിന്നും നീരണത്താൽ
നൽകി സംസ്കൃതത്തിലും തമിഴിൽ
നിന്നുമായ് ഭഗവദ് ഗീതയേയും
രാമായണവും ഭാരതവും ഭാഗവതവും
മലയാളത്തിന് മനസ്സിലാക്കി കൊടുത്തു
കണ്ണശ്ശ കവികളാവും മാധവ , ശങ്കര ,രാമപ്പണിക്കന്മാർ
(III )
പൈതൃകം പലതും പറയുന്ന നേരം
പൈങ്കിളി പെണ്ണോട് ചോദിച്ചറിഞ്ഞു
തുഞ്ചത്താചാര്യൻറെ ഭാഷയാലേവം
തഞ്ചത്തിലറിഞ്ഞു മലയാള ലാളന
എത്ര പറഞ്ഞാലും തീരില്ലയൊരിക്കലും
രാമ രാമ ജപിപ്പിച്ചു കേരളക്കരയാകെ
ഇന്നും കർക്കിട മാസത്തിൽ പാരായണം
നടത്തുന്നു ഭാഷാ പിതാവിൻ കൃപയാൽ
(IV )
ചെറുതായിട്ടൊന്നുമെല്ലെ
ചികഞ്ഞു നോക്കവയറിഞ്ഞു
ചെറുശ്ശേരി നമ്പൂതിരിയുടെ
കൃഷ്ണ ഗാഥകൾക്കൊപ്പമുണ്ട്
ഏറെ കിളിപ്പാട്ടുകൾ മലനാട്ടിലായ്
തേനാരി മാഹാത്മ്യം കാവേരി മാഹാത്മ്യം
കോദാര മാഹാത്മ്യം അങ്ങിനെ പല
കവികളമ്മാനമാടി കവിതയവളെ
കേക ,കാകകളി ,കളകാഞ്ചി വൃത്തത്താൽ
നൃത്തം വച്ചു മലയാള കവിതയവൾ ..
(IV)
പുത്രവിയോഗത്താൽ മനം
നൊന്തു വിളിച്ചു പൂന്താനം
പൊഴിച്ചു ഭഗവൽ ഭക്തിയാലവസാനം
അറിഞ്ഞു എഴുതി വച്ചു പിൽക്കാലം
"ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ
ഉണ്ണികൾ മറ്റുവേണമോ മക്കളായ് ''
പിതൃഭാവമറിയിച്ചു മലയാളകരയേ
തൻ കൃതികളാകും ജ്ഞാനപ്പാനയും
ശ്രീകൃഷ്ണകർണ്ണാമൃതവും
സന്താന ഗോപാലം പാനയും
നാരായണീയ സ്തോത്രങ്ങളും
ദശാവതാര സ്തോത്രങ്ങളും
(V )
നൽകിനായകത്വം പച്ച വേഷങ്ങളിലൂടെ
ആട്ടക്കഥകൾ ഭാരതകഥകളിലൂടെ
കോട്ടയം തമ്പുരാൻ നൽകി കൈരളിക്കു
കല്യാണസൗഗന്ധികവും ബകവധവും
നിവാതകവചകാലകേയവധവും
കിർമീരവധവുമിന്നുമാടിയേറെ
കലാകാരന്മാർ പലയിടങ്ങളിലും
മലയാളി മനസ്സുകളെ രസിപ്പിക്കുന്നു
(VI )
ഉണ്മയോടെ പറയുകിൽ
ഉണ്ണായി വാര്യരുടെ
നളചരിതം ആട്ടക്കഥയില്ലാതെ
ഉണ്ടോ മലയാളക്കരയിൽ കഥകളികൾ
രാമനെ സ്‌മരിച്ചെഴുതിയ രാമപഞ്ചശതി
ഗിരിജാകല്യാണം ഗീതപ്രബന്ധം,
നളചരിതം ആട്ടക്കഥകളും വിസ്മരിക്കാനാവില്ല
മലയാള കവിതാസാഹിത്യ നഭസ്സിൽ ..
(VII )
കൂത്തു കേട്ടു മയങ്ങിയ മലയാഴ്മയേ
ചിക്കെന്നു ഉണർത്തി നിർത്തി
തുള്ളലിലൂടെ കലക്കത്തെ കുഞ്ചൻ നമ്പ്യാർ
പറയാതെ പറയിപ്പിച്ചും പച്ചയായ്
പച്ചവേഷങ്ങൾ കെട്ടിയാടി തുള്ളിയ
പറയനും ശീതങ്കനും തുള്ളലുകൾ
ഗണപതി ,ചമ്പ ,ചെമ്പട ,മച്ചേ ,
ലക്ഷ്മി ,കുംഭ ,കാരിക ,കുണ്ടനാച്ചി
താളത്തിലും അഠാണ ,നീലാംബരി ,
ബിലഹരി ,ദ്വിജാവന്തി ,ഭൂപാളം ,
ഇന്ദിര,കാനക്കുറുഞ്ഞി ,പുറനീർ ,
ആനന്ദഭൈരവി ,ബേഗഡ രാഗത്തിൽ
ക്ഷേത്ര വെളിയിൽ സാമൂഹിക അനീതികളെ
ആക്ഷേപ ഹാസ്യത്താൽ തുള്ളി പാടിയാടിച്ചത്
സ്യമന്തകം ,കിരാതം വഞ്ചിപ്പാട്ട്
കാർത്തവീര്യാർജ്ജുനവിജയം
രുഗ്മിണീസ്വയംവരം, പ്രദോഷമാഹാത്മ്യം
രാമാനുജചരിതം,ബാണയുദ്ധം,
സീതാസ്വയംവരം ലീലാവതീചരിതം
അഹല്യാമോഷം ,രാവണോത്ഭവം
ബകവധം, സന്താനഗോപാലം ഒട്ടനവധി
തുള്ളൽ കഥകളിന്നും മറക്കില്ല
മലയാളകവിതയുള്ള കാലമത്രയും
(VIII )
ഇമ്പമായി കേരളക്കരയാകെയിന്നും
അമ്മമാർ പാടി പോരുന്നു ഓമനത്തിങ്കൽ
കിടാവോയെന്നോർക്കുന്നു ഇരയിമ്മൻ തമ്പിയുടെ
താരാട്ടിനോടൊപ്പം സംഗീത ലോകത്തിനും
ആട്ടക്കഥകളാകും കീചക വധവും ഉത്തരാസ്വയം വരവും
ദക്ഷയാഗം പിന്നെ പറയുകിലേറെ കഥകൾ വേറെയും
പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദ രസത്തേ
പരാമർശിക്കാതെ മലയാളത്തിലൊന്നുണ്ടോ വേറെ
ശൃംഗാരരസഭരിതമായ ഗാനവും
''കരുണചെയ്‌വാനെന്തു താമസം, കൃഷ്ണാ''
എന്ന ഗുരുവായൂർ അപ്പനെ പ്രകീർത്തിക്കും
കീർത്തനവും മറക്കാനാവില്ലല്ലോ
നമിക്കുന്നു വർണ്ണങ്ങൾ തീർത്ത
ആ പാദ സ്മരണയിൽ മലയാളകവിത
(IX )
കേരള കാളിദാസനായ് അറിയപ്പെടുന്ന
കേരളവർമ്മ വലിയ കോയിത്തമ്പുരാനെ
കേവലം വാക്കുകളാൽ പറഞ്ഞു തീർക്കാനാവില്ല
തടവറയിലിരുന്നു ദ്വിതീയാക്ഷര പ്രാസത്തിലുടെ
പ്രിയതമക്കെഴുതിയ മയൂര സന്ദേശ കാവ്യം
ഏറെ വായിക്കപ്പെട്ടിരുന്നതു സ്മരണീയം
പിന്നയുമുണ്ട് കാവ്യങ്ങളാകും മണിപ്രവാള ശാകുന്തളം
ദൈവയോഗം അമരുകശതകം അന്യാപദേശശതകം
ഒപ്പം അനവധി സംസ്കൃത കൃതികളുമിന്നും
മലയാളം വായിക്കപ്പെടേണ്ടിയവ തന്നെ
(X )
നിമിഷ നേരം കൊണ്ടു ചമ്മച്ചീടും
പച്ച മലയാളത്തിൽ കവിതകൾ
കേരള വ്യാസനെന്നു അറിയപെട്ടിരുന്നു
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
കൈരളിക്കായി നൽകിയ സമ്പത്താണ്
വ്യാസ മഹാഭാരതം പദാനുപദവും
വൃത്താനു വൃത്തം രചിച്ചു നൽകിയ
അമാനുഷിക വ്യക്തിക്കേ കഴിയുകയുള്ളു
എന്ന് പറയുകിൽ അതിശയയോക്തിയില്ല
എന്നാലാഗ്രഹങ്ങളേറെ ഉണ്ടായിരുന്നു
എല്ലാ പുരാണങ്ങളെയും മലയാഴ്മക്കായി
വിവർത്തനം നടത്തണമെന്ന് പലവുരു
സുഹൃത്തുക്കളോട് പറഞ്ഞിരുന്നു
''കഴിഞ്ഞൂ ഭാരതം ഭാരമൊഴിഞ്ഞൂ വലുതൊന്നിനി
പൊഴിഞ്ഞൂറും രസാൽ വേറെച്ചുഴിഞ്ഞൂക്കിൽപ്പിടിക്കണം.
പതിനെട്ടു പുരാണങ്ങൾ പതിരറ്റു കിടക്കവേ
മതി മങ്ങിച്ചീ പ്രവൃത്തി മതിയാക്കുകിൽ നഷ്ടമാം''
(XI)
പുൽക്കൊടിതൊട്ട് പരബ്രഹ്മത്തെ വരേയ്ക്കും
എന്തിനേയും ഫലിതത്താൽ പൊതിഞ്ഞു
പരിഹസിച്ചു സ്വയം കവിതയാക്കിമാറ്റിയവർ
അപ്പൻ നമ്പൂതിരിയും മഹൻ നമ്പൂതിരിയും
വെണ്മണി കവിതകളിലൂടെയെന്തിനേയും
ലാഘവത്തോടെ കണ്ടിരുന്നവർ മലയാള
കവിതയെ എല്ലാവർക്കുമിരുന്നുല്ലസിക്കാൻ
തുറന്നിട്ടു കൊടുത്തു ഒരു ഉദ്യാനമാക്കി
അച്ഛൻ പരമേശ്വരനും മഹൻ കദംമ്പൻ നമ്പൂരിപ്പാടും
സംസ്‌കൃത കാവ്യങ്ങളെ തീണ്ടാപാടകറ്റി
കാവ്യമലയാളത്തിൻ കൊടിയുയർത്തി പ്രതിക്ഷേധിച്ചു ..
(XII)
അനന്തപുരത്ത് രാജരാജവർമ്മ രാജരാജവർമ്മ
എന്ന് കേട്ടാലറിയുക എ .ആർ രാജരാജവർമ്മ
മലയാള ഭാഷക്കു വ്യാകരണത്തേ ചിട്ടപ്പെടുത്തിയ
മഹാനുഭാവനാൽ കേരളപാണിനീയമെന്ന
മലയാളഭാഷാ വ്യാകരണവും ഭാഷാഭൂഷണമെന്ന
അലങ്കാരാദി കാവ്യ നിർണ്ണയ പദ്ധതികളും
വൃത്തമഞ്ജരിയാൽ മലയാള
കവിതയുടെ ഛന്ദശ്ശാസ്ത്രപദ്ധതിയും
അല്ലാതെ കൈരളിക്കു വിവർത്തനത്തിലൂടെ
നല്കിയവയിൽ സ്വപ്നവാസവദത്തം, മാളവികാഗ്നിമിത്രം, ചാരുദത്തൻ,
ഭാഷാകുമാരസംഭവം, മേഘദൂത്, മലയാള കാല്പനിക
സാഹിത്യത്തിനായ് സമഗ്ര നടത്തിയവയിൽ
മലയാവിലാസം പിന്നെയും പറയപ്പെട്ടവയാണ്
ഭൃംഗവിലാപം കവിതയും എത്ര പറഞ്ഞാലും
തീരുകയില്ലയീ കാവ്യ വ്യാകാന വിവർത്തന
വ്യാഖ്യാനകാരകനാം ഏ ആറിനെ നമിക്കുന്നുയീ ജീ ആർ ..
(XIII )
ഭാഷയുടെ പരിവർത്തനയുഗത്തിൻ
ശില്പികളിലൊന്നല്ലോ വി സി
വിസ്താരമായി പായുകിൽ വിസി ബാലകൃഷ്ണപ്പണിക്കർ
പത്രപ്രവത്തകൻ കവിയെന്ന നിലകളിൽ കഴിവു തെളിയിച്ചു
കേരളചിന്താമണി, മലബാറി, ചക്രവർത്തി തുടങ്ങിയ
പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരിക്കെ
വിലാപം എന്ന കാവ്യം വിശ്വരൂപം ,സാമ്രാജ്യഗീത
എന്നിവ മലയാളത്തിനു പകർന്നു നൽകിയ കവിതകളാണ്
(XIV )
സംഗീതത്തിലൂടെ അണീയിച്ചൊരുക്കി
മലയാള കവിതയെ സരസഗായക കവിമണിയാം
കെ സി കേശവ പിള്ള എന്ന മഹാനായ കവി
പറയുകിൽ പന്തണ്ടാം വയസ്സിൽ രചിച്ച
പ്രഹ്ളാദ ചരിതം ആട്ടക്കഥയും
പിൽക്കാലത്തു ഹിരണ്യാസുരവധം ,രുക്മിണീസ്വയംവരം
കമ്പടിക്കളിപ്പാട്ട് വൃകാസുരവധം
വഞ്ചിപ്പാട്ട് പാർവതീസ്വയംവരം
അമ്മാനപ്പാട്ട് ,സുരതവിധി പാന ,
നാരായണമാഹാത്മ്യം ,രാസക്രീഡ ഊഞ്ഞാൽപ്പാട്ട്
ശൂരപദ്മാസുരവധം, ശ്രീകൃഷ്ണവിജയം
സ്തവരത്‌നാവലി , രാഘവമാധവം എന്നിങ്ങനെ
നിരവധി കാവ്യ സാഹിത്യ സംഭാവനകളിൽ
പ്രാസവാദ പശ്ചാത്തലത്തിൽ കേശവീയം
എന്ന മഹാകാവ്യം ഏറെ പ്രസിദ്ധമാണ് .
(XV)
കാവ്യകൈരളിയുടെ ക്രൈസ്തവ കാളിദാസൻ
മലയാള മഹാകവിയാണ് കട്ടക്കയം ചെയ്യാൻ മാപ്പിള
ശ്രീ യേശുവിജയം മഹാകാവ്യത്തിന്റെ സ്ഥാനം
പറയാതെയിരിക്കവയ്യ ഉദ്ധരണിയായി പറയുകിൽ
നാലുവരി നോക്കുക പറുദീസ വർണ്ണനം
''പച്ചപ്പുല്ലണിപൂണ്ടേറ്റം-മെച്ചമായിടുമാസ്ഥലം
പച്ചപ്പട്ടുവിരിച്ചൊരു-മച്ചകം പോലെ മഞ്ജുളം.
ഇടതൂർന്നധികം കാന്തി-തടവും പത്രപംക്തിയാൽ
ഇടമൊക്കെ മറയ്ക്കുന്നൂ-വിടപിക്കൂട്ടമായതിൽ''
പിന്നെയുമേറെ ഖണ്ഡകാവ്യങ്ങളുണ്ട് കട്ടക്കയത്തിന്റെ
(XVI )
ശ്രീനാരായണ പ്രസ്ഥാനത്തിനായി
ഗുരുവിന്റെ കാരുണ്യമറിഞ്ഞൊരു
അകാലത്തിൽ അപകടത്തിൽ പല്ലനയാറ്റിൽ
ജലസമാധിയായൊരു കവി ആശയഗംഭീരൻ
സ്നേഹഗായകൻ അതിലുപരി മനുഷ്യസ്നേഹിയായ
മലയാളത്തിന്റെ കവിതങ്ങളിൽ കുമാരനാശാൻ
വീണപൂവിന്റെ കാവ്യാരസവും നളിനി ,ലീല
ചണ്ഡാലഭിക്ഷുകിയും കരുണയും
ദുരവസ്ഥയും കാലഘട്ടത്തിന്റെ
ഉച്ചനീചതത്വത്തിന്റെ അവസ്ഥയെ
കാല്പനികതയിലൂടെ കുഴൽകണ്ണാടിയിലൂടെ
മലയാളകവിതക്കു കാട്ടിത്തന്നു മലയാളത്തിനും
മലയാളിക്കും വിസ്മരിക്കാനാവില്ല സത്യം .
(XVII)
ഉള്ളുതുറന്നു പറയുകിൽ
ഉള്ളതുപറയുകിൽ ഉണ്ട് ഒരുപാട്
ഉള്ളിൽ തട്ടി പറയുകിൽ കവിതിലകൻ
വീരശൃഖല നൽകി ശീമൂലവും കൊച്ചിരാജാവും
സ്വണ്ണഘടികാരം നൽകി റീജന്റ് റാണിയും
കേരള തിലകം ചാർത്തി യോഗക്ഷേമസഭയും
റാബുസാഹിബ് എന്ന് ബിട്ടീഷ് ഗവർമെൻറ്റും
സാഹിത്യ ഭൂഷൺ കാശി വിദ്യാലയവും
കേരളവർമ്മയുടെ സ്വർണ്ണ മോതിരവും
ബഹുമതിയാൽ മലയാളക്കരയിൽ
കഴിഞ്ഞിരുന്ന വിസ്മരിക്കാനാവാത്ത
ബഹുമുഖ പ്രതിഭയും ഉമാകേരളം
കേരള സാഹിത്യഭൂഷണം ,ഭക്തദീപിക
പ്രേമസംഗീതവും മണിമഞ്ജുഷ
മലയാളത്തിന്റെ കവിത്രയം
ദിവാൻ പേഷ്ക്കാർ ,റവന്യുകമ്മീഷണർ
അതേ മറ്റാരുമല്ല ഉള്ളൂർ എസ് പരമേശ്വരയ്യർ
(XVIII )
കൈരളിയുടെ കാവ്യസമ്പത്തിനെ
തോൾക്കൊടുത്തു ഉയർത്തിയ കവിത്രയം
അവസാനകാലങ്ങളിൽ ബധിരാനായ്
ബധിര വിലാപമെഴുതിയ മഹാനായ
കവിയുടെ തൂലികയിലുടെ
വിരിഞ്ഞ കവിതകളാണ്
അച്ഛനും മകളും , അഭിവാദ്യം
ഋതുവിലാസം ,എന്റെ ഗുരുനാഥൻ
ഓണപ്പുടവ ,കൈരളീകടാക്ഷം
കൈരളീ കന്ദളം , കൊച്ചു സീത ,
ബന്ധനസ്ഥനായ അനിരുദ്ധൻ
സാഹിത്യമഞ്ജരി ഒന്നുമുതൽ പത്തുവരെ ഭാഗങ്ങൾ
ഒട്ടനവധി കൃതികൾ മലയാളിയുടെ
ഓർമ്മകളിൽ മറക്കാതെ ഇന്നും ജീവിച്ചിരിപ്പു
വള്ളത്തോൾ നാരായണ മേനോൻ
നോക്കാം സാഹിത്യമഞ്ജരിയിലെ വരികൾ
''ഭാരതമെന്നു കേട്ടാൽ അഭിമാന പൂരിതമാവണം അന്തരംഗം
കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ ''
(XIX)
കേരളവൈല്യ കോയിത്തമ്പുരാൻ 'വിദ്വാൻ ബഹുമതിയും '
കൊച്ചിരാജാവിനാൽ കവിതിലകൻ പട്ടവും
ഇരുപതിലേറെ കാവ്യങ്ങൾ രചിച്ച പണ്ഡിറ്റ് കെ പി കറുപ്പൻ
രചിച്ച കാവ്യപേടകം , ശാകുന്തളം വഞ്ചിപ്പാട്ട് , ജാതിക്കുമ്മി ,
വിദ്യാധി രാജാ ചട്ടമ്പിസ്വാമികളുടെ ചരമത്തോടൊപ്പം
രചിച്ച സമാധിസപ്‌താഹം പിന്നെ ഏറെ ശ്രദ്ധേയമായ കൃതികൾ
മലയാളത്തിനുനൽകിയ അദ്ദേഹം ജാതീയ ഉച്ചനീചത്വങ്ങളെ
വരച്ചുകാട്ടിയ കവി ഒപ്പം മലയാളി വിഭാഗീയത അകറ്റാൻ
കായൽ സമ്മേളനവും പുലയ അരയ വിഭാഗങ്ങൾക്കായിട്ട്
ഒട്ടനവധി സഭകൾസ്ഥാപിച്ച മലയാളക്കരക്കെന്നും
അഭിമാനമാണ് ശ്രീ പണ്ഡിറ്റ് കെ പി കറുപ്പൻ ..
ഇനിയുമേറെ ഉണ്ടു മഹാരഥന്മാർ ഇനിയൊരവസത്തിൽ
പറയാമെന്നു കരുതുന്നു ഇത് തന്നെ ഏറെ പറഞ്ഞു
വായനക്കാരന്റെ ക്ഷമയെ പരീക്ഷിക്കുക ശരിയോ
അറിയില്ല , വാണീ മാതാവ് തുണക്കട്ടെ ഏവരെയും
ശുഭം
ജീ ആർ കവിയൂർ
Comments