ചോദിക്കില്ല ഞാനൊരു

ചോദിക്കില്ല ഞാനൊരു
ചോദിക്കില്ല ഞാനൊരു
ചോദ്യവും ചോദിച്ചു
ചേതനകൾ ഉണർത്തിയിട്ട്
ചപലതയായി മാറുകിലോ.

ഉണ്ടു പണ്ട് ചോദിച്ചു
മൂന്നടി ഭൂമിയും പിന്നെ
മൊത്തത്തിൽ ഇല്ലാതെയായി
സാമ്രാജ്യവും ചെങ്കോലും.

മാനിഷാദ പാടിയും
ഭാരത രാജ്യത്തെ ഭാസുരമാക്കി
അയനങ്ങൾ ഏറെ
കഴിഞ്ഞതു സരയുവിൽ.

കാലങ്ങൾ മാറി മറിഞ്ഞു
യുഗങ്ങളുടെ പാതയിൽ
പുതിയ ദൂതന്മാർ വന്നു പോയി—
മുരളികയും ചമ്മട്ടിയും ഗീതയും ഏന്തി.

ശാന്തിയുടെ സന്ദേശവുമായി
സ്നേഹത്തിന്റെ വെളിച്ചമായി
കാരുണ്യത്തിന്റെ പാത കാട്ടിയ
മഹാത്മാക്കൾ വന്ന കാലത്തും
മനുഷ്യ മനസ്സുകളിൽ
ചോദ്യങ്ങൾ ഉയർന്നുകൊണ്ടിരുന്നു.

അതിരുകൾ കാവലായി ഭൂമുഖത്ത്
ആധിപത്യങ്ങൾക്കായി പോരടിക്കുന്നവർ,
സാങ്കേതികവിദ്യയുടെ ചൂണ്ടയിൽ
ഭയത്തിന്റെ നിഴലുകൾ വീഴ്ത്തുന്നവർ.

ഉയർത്തിയ ചോദ്യങ്ങൾ അനവധി
വിപ്ലവങ്ങളുടെയും വിശ്വാസങ്ങളുടെയും
വഴിയിലൂടെ ലോകം സഞ്ചരിക്കുമ്പോൾ,
ഈ മഹാത്മാക്കളുടെ പാദമുദ്രകൾ
കാലത്തിന്റെ വഴികളിൽ
നമ്മോടൊപ്പം നടക്കുന്നു.

മനസ്സുകൾ മതിലുകൾ പണിയുമ്പോൾ,
മനുഷ്യൻ മനുഷ്യനെ അകറ്റിനിർത്തുമ്പോൾ,
മനുഷ്യത്വത്തിന്റെ മൂല്യങ്ങൾ
മണ്ണടിയുന്നു.

തോക്കിൻ കുഴലിലൂടെയും
വാക്കിൻ ധോരണികളിലൂടെയും
ഇന്നും ഉത്തരമില്ലാ ചോദ്യമായ്
നമ്മുടെ മുന്നിൽ നിൽക്കുന്നു!

ജീ ആർ കവിയൂർ
01-09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ