തിരികെ വരുമെന്ന് തോന്നലാണ്
തിരിഞ്ഞൊന്നു നോക്കുവാൻ മോഹമാണ്
തിരുവോണത്തിന് ദിനങ്ങളൊക്കെ
തിരികെവരും എന്നൊരു തോന്നലാണ് ....
തിരുമേനി വരുമെന്നും തിരുമുറ്റത്ത്
തുമ്പയും തെച്ചിയും ചേമന്തിയാലേ
തീർക്കുമൊരു പൂക്കളത്തിന് മുന്നിൽ
തുമ്പിതുള്ളി കളിച്ചും തഞ്ചത്തിലാടിയും
തൂശനിലയിൽ തൂവെള്ള ചോറും കറികളും
തിരിഞ്ഞൊന്നു നോക്കുവാൻ മോഹമാണ്
തിരുവോണത്തിന് ദിനങ്ങളൊക്കെ
തിരികെവരും എന്നൊരു തോന്നലാണ് ....
തിരുവോണ തോണിക്കു താളം പകർന്നു
തുഴയെറിയും കൂട്ടുകാരോടൊപ്പം
തിമിർത്തു ആർപ്പുവിളിക്കുവാനും
തിമില ചേങ്ങലകൾ ചെണ്ട കോട്ടും
തുടിക്കൊപ്പം ചുവടുവെക്കുവാൻ
തിരിഞ്ഞൊന്നു നോക്കുവാൻ മോഹമാണ്
തിരുവോണത്തിന് ദിനങ്ങളൊക്കെ
തിരികെവരും എന്നൊരു തോന്നലാണ് ....
തിരിയും വളയമുരുട്ടിമെല്ലെ ചെത്തു വഴിയിൽ
തോളിൽ നിന്നും വഴുതും വള്ളി നിക്കറും
തെല്ലും മടിയാതെ തല്ലുകൂടും ചങ്ങാതിമാരും
തരളിട്ട ബാല്യവും കോമരം തുള്ളും കൗമാര്യവും
തരിവള കിലുക്കത്തിന് കാതോര്ക്കും
തിരിഞ്ഞൊന്നു നോക്കുവാൻ മോഹമാണ്
തിരുവോണത്തിന് ദിനങ്ങളൊക്കെ
തിരികെവരും എന്നൊരു തോന്നലാണ് ....
തൊടിയിലെ വേലിക്കരികിലെ
തൊട്ടാവാടി പൂപോലെ
തൻ ഓമന മക്കളുടെ വരവ് കാത്തു
തിങ്ങി വിങ്ങും മനസ്സുമായ്
തോരാ വഴിക്കണ്ണുമായിയമ്മ...
തിരിഞ്ഞൊന്നു നോക്കുവാൻ മോഹമാണ്
തിരുവോണത്തിന് ദിനങ്ങളൊക്കെ
തിരികെവരും എന്നൊരു തോന്നലാണ് ....
താനെന്ന സ്വാർത്ഥതകൾ വെടിഞ്ഞു
തരിപ്പും ജാതിമതചിന്തയില്ലാതെ
തമ്മളിൽ തമ്മളിൽ കൈകോർത്തു
തെളിഞ്ഞ വാനത്തിന് ചുവട്ടിലായി
തനിമയാർന്ന തിരുവോണദിനങ്ങളെ
തിരിഞ്ഞൊന്നു നോക്കുവാൻ മോഹമാണ്
തിരുവോണത്തിന് ദിനങ്ങളൊക്കെ
തിരികെവരും എന്നൊരു തോന്നലാണ് ....
ജീ ആർ കവിയൂർ
11 .09.2019 .
ചിത്രത്തിന് കടപ്പാട് Girijan Raman
Comments