Posts

Showing posts from October, 2019

കുറും കവിതകൾ 802

കുറും കവിതകൾ 802 മഴമേഘങ്ങൾ ചുംബിച്ചു സന്ധ്യകിരണങ്ങൾ മിഴികൂമ്പി കടലിളകിയാടി ആമോദം ..!! തെരുവോര മതിലിൻ വിടവിൽ എത്തിനോക്കുന്നു വസന്തം വന്നില്ലയവൻ മൂളിപ്പാട്ടുമായ് ..!! നിരത്തിൽ വീണൊരു നീഹാരമാർന്ന കരിയില . വീശിയ കാറ്റിനു തേങ്ങൽ ..!! വിസ്മയമാർന്ന  വദനം മിഴികൾതേടി സാകൂതം അമ്മയുടെ നിഴലകലെ ..!! വസന്ത ലില്ലികൾ പുഞ്ചിരി വിടർത്തി. ശലഭങ്ങൾ പാറി നടന്നു ..!! ചൂട്ടിനു പിറകെ . രാവിൻ നിശബ്ദതയിൽ നടന്നടുത്തു പൊത്തി തെയ്യം   ..!! നീന്തി നടന്നു കപ്പലും കപ്പിത്താനും  മരുക്കടലിൽ  ദാഹം..!! മണിയടി ഒച്ച നടത്തത്തിന് വേഗത . വരാന്തയിൽ ചൂരലുലാത്തി ..!! കാറ്റിന്റെ ചിറകടി വാഴയിലകൈയ്യിൽ പ്രണയം ഊയലാടി ..!! വടിവീശിയടുത്തു ചാമുണ്ഡി തെയ്യം . ഭക്തി ഓടിനടന്നു ..!!

അവളുടെ വരവുംകാത്ത് ..!!

Image
അവളുടെ വരവുംകാത്ത് ..!! മരം കോച്ചും തണുപ്പത്തും മഞ്ഞവീഴും വീഥികളിലും ഇലപൊഴിയും ശിശിര കുളിരിൽ അമാവാസിയുടെ നിഴൽ പരക്കും വേളകളിൽ കാറ്റ് മൗന തപസ്സിൽ മുഴുകിനിൽക്കുമ്പോൾ ഇമകളടയാതെ ശ്വാസഗതിയേറുമ്പോൾ സാന്ദ്രത ഏറും ജീവിത തുരുത്തിൽ ഏകാന്തത കാർന്നു തിന്നുന്ന നിമിഷങ്ങളിൽ ആളനക്കങ്ങൾക്കു കാതോർക്കുന്ന മനം അറിയുന്ന നോവുകൾ ഉണങ്ങട്ടെ , മറവിയുടെ ലേപനം പുരളട്ടെ ഇനിയും വരട്ടെ വിരൽ തുമ്പിൽ സ്വാന്തനവുമായ് കൂട്ടിനായ് കവിത അവൾ ജീ ആർ കവിയൂർ 31 .10 2019

കുട്ടികുറുമ്പുകൾക്കായ് ....

Image
കുട്ടികുറുമ്പുകൾക്കായ് .... 'അ ' ആദ്യം പറഞ്ഞതും അമ്മ പഠിപ്പിച്ചതും ആശാൻ ചൊല്ലിത്തന്നതും 'അ' മുതൽ 'അം' വരെ..!! എൻ ഭാഷ അമ്മിഞ്ഞപാലോളം മധുരമുള്ള 'അമ്മ പറഞ്ഞതാണെന്റെ ഭാഷ ആറു കടന്നാലും ആഴികടന്നാലും ആരും മറക്കില്ലെന്റെ മലയാളമെന്ന ഭാഷ ..!! കുടുബം 'അ 'യും ഇമ്മായും ചേർന്നാൽ 'അമ്മ അ  യും ഇച്ഛയും ചേർന്നാൽ അച്ഛൻ അ യും അനുനയവും ചേർന്നാൽ അനുജൻ അ യും , മ്മായും ,ച്ഛ യും ,ജാ യുമില്ലാതെ എന്ത് കുടുബം ..!! അക്ഷരം അമ്മയാകാശത്തു കാട്ടിത്തന്നു അമ്പിളി അമ്മുണ്ണാൻ  തന്നു ഉരുളയോടൊപ്പം പർപ്പടകം ആശാന്മാർ വിരലിൽ പിടിച്ചു പഠിപ്പിച്ചു തന്നതും അവസാനം വരെ കുടെ ഉള്ളത് അക്ഷരം ..!! അച്ഛൻ അമ്മ കാണിച്ചു തന്നു സ്നേഹത്തെ  ആ വിരൽ തുമ്പ് പടിച്ചു നടന്നു ആശിച്ചതെല്ലാം വാങ്ങിത്തന്നു അകലത്താണെങ്കിലുമിന്നറിയുന്നു  അച്ഛനെ ..!! അടുക്കള.                              അവിയലും തോരനും തീയലും. ആവിയും മണവും പരക്കുന്നതും അണയാതെ അടയാതെ സ്നേഹം ഇളക്കും. അമ്മയുടെരസതന്ത്രങ്ങൾ തീർക്കുമിടം. ജീ ആർ കവിയൂർ 3...

മൗനനോവ്

Image
വസന്തങ്ങൾ വന്നു കുയിലുകൾ പാടി പലവട്ടം ഇലയും പൂവും പൊഴിച്ച് ഉടയാടകൾ മാറി  ഋതുക്കൾ വാല്മീകങ്ങളിൽ നിന്നും ശലഭങ്ങൾ പറന്നുയർന്നു വാക്കുകൾ ഒരുക്കി ഞാനേറെ  കാത്തിരുന്നു ഒരു പുഷ്പം നിന്റെ  കണ്ണുകളിൽ വിരിയുവാൻ രാവിൽ നിലാവിൽ ചുണ്ടുകൾ ചിറകുവച്ചു രുചിച്ചു മിഴിനീർ നിന്റെ ചുംബനത്തോടൊപ്പം മൗനാഴങ്ങളിലിന്ററെ ആഗ്രഹങ്ങൾ കുഴിച്ചു മൂടി യാത്ര പറയുവാൻ പറന്നുയരാൻ വെമ്പിനിൽക്കവേ പലവുരു പ്രണയ ദംശനമേറ്റു പുളഞ്ഞു മനസ്സിന്റെ സാന്ദ്രതയേറി തുള്ളി തുളുമ്പി മിഴികൾ  ഇനിയും ഒരു ജന്മ ഉണ്ടെങ്കിൽ കാണാം ... നിത്യ ശാന്തി വന്നു മാടിമാടി വിളിച്ചു  ദൃശ്യങ്ങൾ മങ്ങി തുടങ്ങി ഇരുൾ മൂടി ചുറ്റും ....!! ജീ ആർ കവിയൂർ 24 .10 . 2019 

" നിത്യതയോളം "

Image
" നിത്യതയോളം  "  .  അല്ലയോ നിലാചന്ദ്രനേ  ഒളിക്കല്ലേ നീ അങ്ങ്  മേഘപാളികൾക്കു പിന്നിലായ്  ഈ രാവിൻ മേലാപ്പിൽ    നീ ജീവിച്ചിരുപ്പുണ്ടെന്നു  സമ്മതിക്കുക മടിയാതെ  എന്റെ അന്ധകാരത്തെ ലാളിക്കുക  നിന്റെ വെള്ളി വെളിച്ചത്താൽ  ഉരുകി ഒഴുകട്ടെ നിൻ ഉമ്മറപ്പടിയിലായി  ഈ ഇളംകാറ്റ്  നമ്മുടെ ഹൃദയത്തെ മഥിക്കട്ടെ  ഒരു മഴയായ് പതിക്കട്ടെ  തുടച്ചു മാറ്റുക എന്റെ അന്ധകാരത്തെ  നിന്റെ ഇളം ചുവപ്പാർന്ന ചുണ്ടുകളാൽ   എന്നെ പ്രണയ വർണ്ണങ്ങളാൽ നിറക്കുക   അല്ലയോ ചന്ദ്രികേ ഞാൻ ആകെ അടക്കമില്ലാത്തവനെ പോലെയാകുന്നു  ആ മേഘമറയിൽ നിന്നും പുറത്തു കടക്കു  കാട്ടിത്തരിക  നിന്റെ  ആരും കാണാത്ത കാഴ്ചകളൊക്കെ  നിന്റെ മറഞ്ഞിരിക്കും സൗന്ദര്യം  തുളച്ചുകയറുക എന്നിൽ  നിന്റെ പ്രകാശധാരയാൽ  നനഞു കുളിരട്ടെ നിന്റെ നിലാമഴയിൽ  കഴുകിവെടിപ്പാക്കുക  എന്റെ ചക്രവാളത്തിൽ നിന്നും  വെറുപ്പാർന്നയീ ഇരുളിനെ  എന്നെ അനുവദിക്കുക നിന്നെ എന്റെ  കരവലയത്തിലൊതു...

മോഹങ്ങൾ

മോഹങ്ങൾ ..!! നിൻ ചാരത്തു അക്ഷരമായി വന്നു കണ്ണുകളിൽ നിറയാൻ മോഹം ചുണ്ടുകളിൽ വിടരും മുല്ലപ്പൂമണം ആവാൻ മിടിക്കും ഇടക്കയുടെ നാദമായി മാറാൻ കവിളിണകളിൽ  വിടരും സുമങ്ങളിലെ മധു നുകരാൻ മൗനങ്ങൾ പൂക്കും ഇടത്ത് ഒരു ചുംബന പൂവായ് മാറാൻ നൽകട്ടെ മിഴി രണ്ടിലും ഒരു സ്നേഹോപഹാരം പ്രണയിനി നിൻ സാമീപ്യ മെന്നിൽ നിറ നിലാവ് പടർന്നു നിൻ നിമ്നോന്നതങ്ങളിൽ നിലാവിന്റെ നീലിമയിൽ അലിഞ്ഞു ഒന്നാവാം ഈ മോഹങ്ങളൊക്കെ മുഴുവിക്കും മുൻപേ ഒരു ശാലഭമായി നിത്യ ശാന്തി അണയുമോ ആവോ..!! ജീ ആർ കവിയൂർ 20  .10 .2019 

കണ്ണാ കണ്ണാ

നീ നിവസിക്കും വീഥിയിലായ് എൻ മനമോടി  നടന്നു...... നിൻ പാദ മുദ്ര വീണ മണ്തരികൾ കണ്ടു കോരിത്തരിച്ചു നിന്നു...... നീ പാടിയ മുരളീരവം കേട്ട്‌  ആനന്ദലഹരിയിലായി മനം ..!! കനവിലാണെങ്കിലും കാണുന്നല്ലോ നിന്നെ കടമ്പിൻ ചുവട്ടിൽ കാലിയെമെയ്ക്കുന്ന നിൻരൂപം  കണ്ടു കൊതിതീരുംമ്പേ കടന്നകലുന്നുവല്ലോ കമലോചന കായയാമ്പൂ വർണ്ണാ ..!! മഥുര തൻ മധുരമേ മായാ പ്രപഞ്ചമേ മാനസ ചോര മരുവുക മനമിതിൽ മീര തൻ മണിവീണയിൽ നാദമായ് ഭാമതൻ മടിത്തട്ടിൽ രാഗമായ് അനുരാഗമായ്  മയങ്ങും മായാമോഹന മണി വർണ്ണാ വന്നു വരം തന്നു അനുഗ്രഹിക്കുക കാർവർണ്ണാ ..!! ജീ ആർ കവിയൂർ 20 .10 .2019

കുസുമത്തോട് ...!!

Image
കുസുമത്തോട് ...!! കുസുമത്തോട് ...!! വീണു കിട്ടിയ കുസുമത്തിന്റെ വിലയേറെയെന്നറിഞ്ഞു വന്നു പാടിപോയിയല്ലേ കവിയങ്ങു അധിക തുംഗ പഥത്തിൽ നിന്നുമായി ഇതാ അതിന് ഗന്ധവും പൂമ്പൊടിയാഴവുമറിഞ്ഞു അകലെ രവിയുടെ വരവോടെ ആഴമേറി നിൽക്കും മുൾത്തണ്ടുകളിൽ പ്രണയം നടിച്ചു നിൽക്കുന്നു മായാതെ പുഞ്ചിരി തൂകുന്നു പ്രകൃതിയുടെ മുഖത്തുനിന്ന് മികവേകുന്നു പ്രാണികുലത്തിന്റെ മികവിനായ് ... വണ്ട് അണഞ്ഞു ചെണ്ടുലഞ്ഞെങ്കിലും വലിയ മാറ്റമില്ലാതെ ഉണ്ട് സൗകുമാര്യം വന്നറിഞ്ഞു ഉദയാന്റെ പ്രഭയാൽ ശോഭിക്കുന്നു ഉള്ളൊന്നു ത്രസിക്കുന്ന സ്നേഹ സൗരഭ്യം ഉലകമേ അറിയുക കുസുമത്തെ മാലയിൽ കോർത്തു ആനക്കും കുരങ്ങനും കിട്ടിയിട്ടെന്തു പൂവിന്റെ നിർമലതയറിഞവനല്ലോ പുമാനവൻ അക്ഷരങ്ങൾ പൂക്കുന്നത് കണ്ടു വിടര്ന്നുവല്ലോ നിൻ നയനം കണ്ടറിയുന്നു മഹത്വം ..!! ജീ ആർ കവിയൂർ 19 .10 .2019

കുറും കവിതകൾ 801

Image
ഒരുവരിയായി നടന്നു  രണ്ടാവാതെയൊന്നാവുക  വിജയം നമ്മോടൊപ്പം തലമുറകളെ മറക്കല്ലേ ..!! മാനത്തും താഴത്തും നിൽക്കാനാവാതെ കാലുകളുറക്കാതെ നീണ്ടു ..!! മണിമുഴക്കത്തിന് കാതോർത്ത് താഴ്വാരം കുരിശുവരച്ചു മലയിറങ്ങി മഞ്‍    ..!! മൃദുലതകളിൽ മധുരം നുണഞ്ഞു .. വേദനപാട് നൽകി കാലം ..!! മൗനം പകരും ഏകാന്തതയുടെ ചില്ലകളിൽ ചേക്കേറാനൊരു സുഖം ..!! മഴയുടെ നനവുകളിൽ പച്ചില പടർപ്പിലൊരു മൗന രാഗവുമായ് മഞ്ഞക്കിളി ..!!  നങ്കൂരമിട്ട സായന്തനങ്ങൾ മണലിൽ തീർക്കുന്നു ചാകര സ്വപ്ങ്ങൾ ..!!    വിയർപ്പിൽ മുങ്ങിയ മഞ്ഞണിഞ്ഞ മുറ്റത്തു തളർന്ന ഓർമ്മകളുടെ കൂമ്പാരം ..!! വിശപ്പെന്ന അഗ്നി രുചിയുടെ നോവറിയാതെ അന്നം തേടുന്ന തെരുവോരം ..!! അസ്തമയങ്ങളുടെ തീരങ്ങളിൽ നനഞു. അതിജീവനത്തിൻ ബാല്യം ..!!

" എന്റെ രാത്രി എന്റെ പ്രണയം "

 " എന്റെ രാത്രി എന്റെ പ്രണയം  " . അല്ലയോ രാത്രി എങ്ങിനെ നിന്നെ ഞാൻ നിന്നെ എന്നിലേക്ക്‌ സാംശീകരിക്കും എന്റെ കാരവലയത്തിലൊതുക്കും  എങ്ങിനെ പുകഴ്‌ത്തിവശത്താക്കും ഞാനെങ്ങനെ  നിന്നോട് യാത്രാ മൊഴി ചൊല്ലും എന്റെ പകൽ കിനാക്കളിലേക്കു ഉണർന്നിരിക്കുമെങ്ങിനെ കണ്ണാഴങ്ങിൽ നീയില്ലാതെ ഞാൻ എങ്ങിനെ അലയുമി അന്തകാരങ്ങളിൽ മൗനിയായ് ..!! വരിക വരിക ഞാൻ പൊടിയും ചാരമായ് മാറുംമുൻപ് വന്നുനീ വന്നെന്നെ രക്ഷിക്കുക നിശബ്ദതതയുടെ അഗാധത ഗർത്തങ്ങളിൽ നിന്നും നിന്റെ ചുംബന നനവുകളാലെന്നെ നനക്കുക അല്ലാത്ത പക്ഷം ഞാനൊരു ഇലയായ് പൊഴിഞ്ഞു വീഴട്ടെ ചവുട്ടി അരക്കപ്പെടട്ടെ അസൂയയുടെ വംശവെറിയാൽ  അന്യഥാ കുഴിച്ചുമൂടുക എന്നെ ആരുമറിയാ ചരിത്രത്തിന്റെ താളുകളിൽ ജീആർ കവിയൂർ 18  . 10 . 2019

" സമദൂരം, ശരി ദൂരം"

 " സമദൂരം, ശരി ദൂരം"  അപ്പൂപ്പനിരുന്ന ചാരുകസേരയിൽ അൽപ്പനേ നിനക്കിരിക്കാനാവും അൽപ്പമെങ്കിലുമാ മൂലക്കുരുവിന്റെ അസുഖം മാറാനൊന്നാഞ്ഞു ചിരച്ചു കൂടെ മാറി മാറി വായ് തുറന്നു കിടന്നിട്ടു തുപ്പി നാറ്റിക്കണോ നാണമില്ലാതെ സ്വയം നാറിയാൽ പോരെ ഇനിയെത്ര നടത്തണം സമദൂരം മതിയാക്കി ശരി ദൂരം വരെ ഇടതും വലതും ചവുട്ടി ചവുട്ടി മച്ചി പശുവെന്ന് പേരെടുത്തു നയിക്കുന്നു ''ർ'' മാറ്റിയാൽ നായ ''യാ'' മാറ്റിയാൽ നാറും ആയകാലം ഉള്ളത് കഴിച്ചു മൂലക്ക് കിടന്നാൽ പോരെ സുഖമായി എന്തിനു ഇങ്ങിനെ പഴിവാങ്ങുന്നു നയിക്കാൻ ഇളം തലമുറകൾക്കു ശക്തി ഉണ്ട് ''ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാൻ നിബോധത'' ജീആർ കവിയൂർ 17 . 10 . 2019

ഞാനും കുറിച്ചു പ്രണയം ..!!

Image
മഴനീർക്കണം മിഴിനീരിലായ് വീണുടക്കുന്നു വാനം അതുകണ്ടു അലറിയടുത്തു ആഴി കരയോട് പറഞ്ഞു വിരഹം പെയ്യാതെ നിന്ന മേഘം പ്രണയമറിയിച്ചു മലയുടെ നെറുകയിലുമ്മവെച്ചു  കരിനീലമയൂഖം കണ്ട് കമനീയമാം പീലിവിരിച്ചാടി മയൂരം  മറവിയുടെ താളുകളിൽ നിന്നും അറിയാതെ ഞാനും കുറിച്ചു പ്രണയം ..!! ജീആർ കവിയൂർ 16  . 10 . 2019

കുറും കവിതകൾ 800

ഇലച്ചീന്തുകൾക്കിടയിൽ മിഴികൾ കാത്തു നിന്നു മഴമേഘ നിലാവ് ..!! ചുരം താണ്ടി വരുന്നുണ്ട് കാറ്റും കോളും . വീടണയാൻ തിടുക്കം  ..!! അക്കരക്കു തുഴയെറിഞ്ഞു കാത്തിരിപ്പിന്റെ മിടിപ്പ് . കരിവള കിലുക്കം കേൾക്കുന്നുണ്ട് ..!! ചെമ്മാനത്താഴെ രാവോടൊപ്പം മഞ്ഞിറങ്ങി. തേയില ഗന്ധത്തിൻ ലഹരി ..!! സാഗരം സാക്ഷിയായ് നീലിമ പകർന്നു നിമഞ്ചനം . ദുർഗാ സ്മൃതിയിൽ മനം ..!! പച്ചിലപ്പടർപ്പിനിടയിൽ മയൂര നടനം മോഹനം . ഇണ മനം കുളിർത്തു ..!! മഴമേഘങ്ങളുമ്മവച്ചു മലകൾക്കിടയിലൂടെ പാത നീണ്ടു മനസ്സും ..!! നൂപുരധ്വനിയിൽ മയങ്ങി മനം . താളം ചവുട്ടി തില്ലാന ..!! താഴ്വാരങ്ങളിലെ നീലിമ മാനം കാണും മനം. ആരോ വരുന്നുണ്ട് കാറ്റിനൊപ്പം ..!! മേഘങ്ങൾ ഒഴുകി താഴെ നദിയിൽ കണ്ണാടി നോക്കി പൊന്മാൻ ..!! മഴമേഘങ്ങൾ പ്രദക്ഷിണം വച്ചു മാനത്തു ഇടിനാദം . തീർത്ഥ മഴ സന്ധ്യാവന്ദനം ..!! 

അനുഭൂതി മാത്രം ..!!

Image
ഞാൻ കണ്ട കിനാക്കളിലെല്ലാം നിൻ നിലാ പുഞ്ചിരി മാത്രം ഞാൻ കേട്ടൊരു പാട്ടിലെല്ലാം നിൻ മോഹന മുരളീരവം മാത്രം ഞാനറിഞ്ഞു പാലും പനിനീരും ചന്ദനവും നിറഞ്ഞ നിൻ ഗന്ധം ഞാൻകണ്ടു മതിമറന്നു ഏറെ നിൻ വർണ്ണങ്ങൾ മഴമേഘങ്ങളിലും ഞാൻ മെല്ലെ ആനന്ദ നൃത്തം ചവുട്ടി മയിൽ പീലികളുടെ ചാഞ്ചാട്ടത്തിനൊപ്പം ഞാൻ കാണുന്നിടത്തെല്ലാമെന്തേ  നിൻ സാമീപ്യ അനുഭൂതി മാത്രം ..!! ജീ ആർ കവിയൂർ 11 .10 .2019 ഫോട്ടോ കടപ്പാട് Tito Kochuveettil ‎

നിറയുന്നു നിൻ രൂപമെന്നുള്ളിലും ..!!

Image
യാദവ കേശവ മാധവ മധുസൂധനാ കൃഷ്ണാ യദുകുല ബാലകനെ തേടി അലഞ്ഞു ഞാൻ ഗോകുലത്തിൽ കണ്ടില്ല ഗോപികളെ കണ്ടില്ല ഗോവർദ്ധനഗിരിവലയം നടത്തി രാധേ രാധേ വിളിച്ചു  യമുനാ തീരങ്ങളിൽ കാളിന്ദിയിൽ കാളികനെയും കണ്ടില്ല എവിടെയെന്നറിയാതെ  വിവസ്ത്ര വിവശയായി എങ്ങുപോയി രക്ഷകനാം വാസുദേവ പുത്രൻ എവിടെ നിന്നോ ദുർവാസാവും പരിവാരങ്ങളും വിശന്ന വയറുമായ് വന്നനേരവും ദ്രൗപദി കേണു കണ്ടില്ല മീരാ മാനസ ചോരനെ കാർവർണ്ണനെ ദുശാസന ദുരിയോധന കർണ്ണ സദസ്സുകളിലോക്കെ തേടി ദുശീലങ്ങലേറിവരുന്ന ദാനധർമാദികൾ മറക്കുന്നിടങ്ങളിൽ ഇല്ല കണ്ടില്ല നീ എവിടെ പോയി അങ്ങ് കുരുക്ഷേത്രങ്ങളിലും ഇന്നും പാർത്ഥന്റെ സാരഥിയായി ചമ്മട്ടി ചുഴറ്റി തേർതെളിക്കുന്നുവോ  യുഗയുഗങ്ങൾ കടന്നിന്നു  കലിയുഗത്തിൽ നിന്നെ അറിയുന്നില്ലാരുമേ വിശ്വരൂപം കാട്ടി മറയുന്നനേരം നീ നൽകിയ വേദാന്ത വിരുന്നിന്റെ വിശാലമാം വീചികൾ ഇന്നും മാറ്റൊലി കൊള്ളുന്നു പ്രപഞ്ചത്തിലാകെ വിഹലരാം ജനമറിയാതെ പോകല്ലേ ഗീതാസാരം അതി മോഹനം വിശ്വം മുഴുവൻ മനഃപാഠമാക്കാൻ ശ്രയിക്കുമ്പോളായ് വിശ്വസിക്കുന്നു  മായാമയ മോഹനാ  മാനസ ചോരാ യാദവ കേശവ മാധവ മധുസൂധനാ കൃഷ്ണാ യദുകുല ബാലകനെ...

മിണ്ടാതെ പോയതെന്തേ ...!!

Image
നിൻ മുഖമിരുണ്ടു തുടുത്തതെന്തേ കണ്ണുനീർ വാർക്കാഞ്ഞതെന്തേ മിണ്ടാതെ പോയതെന്തേ ...!! നിൻ ചുംബനത്തിനായ് കാത്തുനിന്നു നീണ്ട ഗിരിനിരകൾ തലയുയർത്തി നിലം വിണ്ടു വാപിളർന്നു നിൻ സാമീപ്യത്തിനായ് നിനക്കായ് കേണു  തളർന്നു വേഴാമ്പലും നിൻ മുഖമിരുണ്ടു തുടുത്തതെന്തേ കണ്ണുനീർ വാർക്കാഞ്ഞതെന്തേ മിണ്ടാതെ പോയതെന്തേ ..!! നിൻ മിഴിനീരാൽ സാഗരത്തിനു ലവണ രസമേറുന്നുവല്ലോ നിൻ പ്രണയകുളിരിനായ് നിലാവിൻ ചുവട്ടിൽ കാത്തു മിഥുനങ്ങൾ നിൻ മുഖമിരുണ്ടു തുടുത്തതെന്തേ കണ്ണുനീർ വാർക്കാഞ്ഞതെന്തേ മിണ്ടാതെ പോയതെന്തേ..!! ജീ ആർ കവിയൂർ 6  .10 . 2019   

നോവുമായ്

Image
ചെമ്മാനത്താഴത്തു നിന്നു നീ ചിരിതൂകിയതു ചെമ്മേയിന്നും മായുന്നില്ല ഓമ്മകളിൽ നിന്നും ചൊല്ലുന്നു അതിന്നും പാട്ടായി കവിതയായ് ചേർത്തു വെക്കുന്നു മിടിപ്പുമായ് നെഞ്ചോടൊപ്പം ചോർന്നു പോകുന്നു മറവിയെന്തേ വന്നതെന്നു ചോദ്യവുമായ് ചെല്ല ചെറുകാറ്റു മൂളിമെല്ലെ ചോരനാം കാലം നന്നേ ചിത്രം മായ്ക്കുവതെന്തേ ചോല മരക്കാടും ചേലെ മയക്കുന്നു ചിറകു വിടർത്തി ചിറകൊതുക്കാൻ നേരമായി സന്ധ്യയായ് ചേക്കേറാൻ ഒരുങ്ങുന്ന ചെറുകിളികൾ ചിലച്ചു ചിറകൊടിഞ്ഞു ചിന്തകൾ ചുറ്റിയടിച്ചു മണം പിടിച്ചു ചാവാലികളോരിയിട്ടു ചാവറിയിച്ചു നോവുമായ്  ജീ ആർ കവിയൂർ 3 .10 . 2019   

പടു പാട്ടിന്റ ഒർമ്മയുമായ്

Image
പെരുമഴയത്ത് ഇറയത്തിരുന്നു നമ്മൾ പടു പാട്ടു പാടിയതോർമ്മയുണ്ടോ അന്നു നീ അക്ഷര ജാലകം തുറന്നു അലിവോലും ഹൃദയം കാട്ടിയതു ഇമരണ്ടും പൂട്ടുവാനാവാതെ  ഇന്നും മാനം നോക്കി  കിടക്കുന്നു ഞെട്ടറ്റു വീഴും വാനത്തിൻ കണ്ണുനീർ കണ്ടു ഞാവൽ കൊമ്പിലിരുന്നു പാടി കാക്കകുയിൽ  അകലെ കാറ്റത് ഏറ്റു മൂളി മുരളികക്കൊപ്പം അരികെ മാറ്റൊലി കൊണ്ടു നിന്നു മലകൾ കടലലകൾ ചിതറി തെറിച്ചു കരഞ്ഞു കരയതൊന്നുമറിയാതെ കണ്മിഴിച്ചു കാലമെത്ര കഴിഞ്ഞിട്ടും കൺ നിറക്കുന്നു കദനമിന്നും പ്രവാസം തുടരുന്നു കണ്മണി പെരുമഴയത്ത് ഇറയത്തിരുന്നു നമ്മൾ പടു പാട്ടു പാടിയതോർമ്മയുണ്ടോ...!! ജീ ആർ കവിയൂർ 3 .10 . 2019