ചതുരംഗ കളികള്‍
അന്ധകാരത്തിനന്ത്യം കുറിക്കുവാന്‍
അറിയാത്ത തെരുവിലുടെ അലയുമ്പോള്‍
ആദ്യമായി ഊരും പേരുമറിയാതെ
ആദിയോടെ നീങ്ങും കിനാക്കള്‍ പോലെ
ഈക്കാണുന്നതൊക്കെ വെറും മായയായി
ഇണക്കും കാഴചകള്‍ മാത്രമായി മാറുമ്പോള്‍
എവിടെ നിന്നോ വേദനയുടെ തിരക്കാറ്റുകള്‍
ഏല്‍പ്പിക്കുന്നു കരളിന്‍ നോവിന്‍ ചിലമ്പലുകള്‍
ഐഹിക സുഖാനുഭൂതി പരകരാനെന്തിനും
ഏതിനും മടിക്കാത്ത ക്രൂര നോട്ടങ്ങളൊക്കെ
പെറ്റുപെരുകുന്നു കാമാന്ധ ജന്മങ്ങള്‍ പലതും
പെരും ചാലിലുടെ ഒഴുകിയകലുന്നു പേരില്ലാതെ
പൊരുതി ജയിക്കാന്‍ കഴിയാത്തവര്‍
പൊരുത്തക്കേട് കാട്ടി കൂട്ടുന്നവര്‍
കൈയൂക്കുള്ളവര്‍ കാര്യക്കാരായി നിന്നു
കൈകാര്യം ചെയ്തു തെരുവു നയിക്കുമ്പോള്‍
ഓര്‍മ്മകെടുത്തും വിഭ്രാന്തി പകര്‍ന്നാടുന്നു
ഒഴിയാ ബാദ്ധ്യതയായി അലയുന്നു എങ്ങും
ഏകാദശ ധര്‍മ്മങ്ങളൊക്കെ കാറ്റില്‍ പറത്തി
എങ്ങും അധര്‍മ്മം ചുടല നൃത്തമാടുന്നു നിത്യം
ഗന്ധാരിമാര്‍ ശതപുത്രന്മാരുടെ സഹസ്രാധര്‍മങ്ങള്‍ കേട്ട്
കണ്കെട്ടി കണ്ണ് അടച്ചന്ധരാകുന്നു.
ദ്രൗപതിമാരുടെ വസ്ത്രാക്ഷേപങ്ങള്‍ നിത്യവും
ദുശ്ശാസനന്മാര്‍ നടത്തി ആഘോഷമാക്കുന്നു
കുട്ടുനിന്നു ചൂതാടിക്കുന്നു ശകുനിമാര്‍ ഏറുന്നു
കുലമഹിമ പാടി ഉപജാപ സംഘങ്ങള്‍ ജയഘോഷം മുഴക്കുന്നു
യുധിഷ്ടിരന്മാര്‍ കുങ്കന്മാരായി തന്നെ തുടര്‍ന്നു
യജമാന പാദ സേവ നടത്തുന്നു കഷ്ടം
അര്‍ജ്ജുനന്‍ ബ്രിഹംന്തളയായി വീണ്ടും
അജ്ഞാത വാസം തുടരുന്നു ഇപ്പോഴും
ഭീമന്‍ വലലനനായി തിന്നും
ഭ്രമിച്ചു മദിച്ചു സൈരന്ധ്രിക്കായി അലയുന്നു
നകുല സഹദേവന്മാര്‍ അശ്വാലയങ്ങളില്‍
നടുനിവര്‍ത്താതെ ആശ്വാസമില്ലാതെ വലയുന്നു
ദുര്യോധനന്‍ ദുരിതമില്ലാതെ വാഴുന്നു
ദുഖത്തിലാഴ്ന്നു ജനതതി കണ്ണുനീര്‍ കുടിക്കുന്നു
ദാന ധര്‍മ്മങ്ങള്‍ മറന്നൊരു രാധേയന്‍
കര്‍ണ്ണങ്ങളില്ലാത്തവനെ പോലെ ആകുന്നു
പിതാമഹന്മാര്‍ ശര ശയ്യാവലംബി
പിറു പിറുപ്പുകളാല്‍ ആലംബമില്ലാതെ
ദ്രോണാചാര്യരുടെ മുന്നിലിന്നും മുഴങ്ങുന്നു
അശ്വസ്ഥാമാ ഹത കുഞ്ചരാ എന്ന മന്ത്രങ്ങള്‍
ധൃതരാഷ്ട്രര്‍ സഞ്ജയന്റെ ഉപായമില്ലാതെ
ദാര്‍ഷ്ട്യത്താല്‍ അന്തര്‍ ദൃശ്യ ജാലകങ്ങളെ ഉപാധിയാക്കുന്നു
ചിരംജീവിയാം അശ്വസ്ഥാമാവ്
ചിരം തേടി വധിക്കുന്നു ഇന്നുമാ പാണ്ഡവ കുലങ്ങളെ
ഭരതനെ പോലെ ഭരിക്കുവാനാളില്ലയിന്നു
ഭാരതത്തിന്റെ ദുര്‍വിധിയാല്‍ മനം നൊന്തു
വ്യാസന്‍ ഇന്ന് വ്യസനത്തോടെ
വിന്ധ്യതന്‍ വിരിമാറില്‍ നിന്ന് കേഴുന്നു
"യദാ യദാ ഹി ധര്‍മസ്യ ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം
ധര്‍മസംസ്ഥാപനാര്‍ഥായ സംഭവാമി യുഗേ യുഗേ"
Comments
ദുശ്ശാസനന്‍ , ദ്രൗപതി .ഈ വാക്കുകള്‍ തെറ്റിയിരുന്നു
തിരുത്തി ഇനിയും എന്തെങ്കിലും ഉണ്ടങ്കില്‍ പറയണേ
കൊള്ളാം നല്ല രസമുണ്ട് ആ രസത്തില്‍ പല സംഗതികലുമുണ്ട് .... സ്നേഹത്തോടെ മണ്‍സൂണ്‍