അശ്വത്ഥാമാവ്: വിട്ടുമാറാത്ത യുദ്ധനോവ്

 അശ്വത്ഥാമാവ്: വിട്ടുമാറാത്ത യുദ്ധനോവ്



പാലുകുടിക്കാൻ നിവൃത്തിയില്ലാതെ അന്നു നീ
അരിമാവു കലക്കിയ വെള്ളം കുടിച്ചു,
മകന്റെ വിശപ്പുകണ്ടെറിഞ്ഞൊരച്ഛന്റെ
നെഞ്ചിലെ നോവായി വളർന്നവനേ.

ദ്രോണതനയനായ്, വീരനായ്, ധീരനായ്,
അസ്ത്രശസ്ത്രങ്ങൾ തൻ നിപുണനായ് നീ,
ദുര്യോധനൻ തന്ന സൗഹൃദപ്പൊൻവെളിച്ചത്തിൽ
കുരുക്ഷേത്രഭൂമിയിൽ തേർ തെളിച്ചു.

പക്ഷേ, വിധി കാത്തുവെച്ചതു ചതിയായിരുന്നു,
ധർമ്മപുത്രർ തൻ നാവു പിഴച്ച നാൾ.
"അശ്വത്ഥാമാ ഹതഃ..." എന്ന് കേട്ട നിമിഷത്തിൽ
ശംഖുനാദത്താൽ മറഞ്ഞുപോയി കുഞ്ജരഃ!

അച്ഛൻ തൻ ആയുധം താഴെവെച്ചാ നിമിഷം,
ചതിയുടെ വാളാലവൻ വീണുപോയി.
പ്രതികാരദാഹത്താൽ കത്തിയെരിഞ്ഞു നീ,
പാതിരാവിൽ പാണ്ഡവ ശിബിരം തകർത്തു.

ഒടുവിലൊരമ്മ തൻ ഗർഭപാത്രത്തിനു നേരെ
ബ്രഹ്മാസ്ത്രമെന്നൊരു ശാപം തൊടുത്തു നീ,
അതു കണ്ടു കൃഷ്ണൻ തൻ കോപാഗ്നി ജ്വലിച്ചു,
നെറ്റിയിലെ ചോരമണി കവർന്നെടുത്തു!

മരണമില്ലാതെ, മരുന്നില്ലാതെ, നീറി നീറി,
ഇന്നും അലയുന്ന ശാപപ്പൊരുളേ...
ചോരയും പഴുപ്പും ഒലിക്കുന്ന കായവുമായ്
കാലാന്തരങ്ങളിൽ നീ ഓടി നടപ്പൂ.

അശ്വത്ഥാമാവേ, നിൻ ബ്രഹ്മാസ്ത്രങ്ങൾ ഇന്നും
ഈ ലോകവീഥികളിൽ തൊടുക്കപ്പെടുന്നു!
റഷ്യയിലും യുക്രൈനിലും ഇസ്രായേലിലും,
അഫ്ഗാന്റെ മണ്ണിലും ചോര പടരുന്നു.

അധികാരമോഹികൾ ഇന്നും ചതിയാൽ
യുദ്ധഭൂമികളിൽ വിത്തെറിയുന്നു,
അശ്വത്ഥാമാക്കൾ ജനിച്ചുകൊണ്ടേയിരിക്കുന്നു,
യുദ്ധക്കെടുതികൾ തുടർന്നുകൊണ്ടേയിരിക്കുന്നു 


ജി. ആർ. കവിയൂർ
21-06-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത