അച്ഛന് ഒരു നമനം
അച്ഛന് ഒരു നമനം
തണലായ് നിന്നു ജീവിതമാകെ,
തളരാതെ വഴികാട്ടിയവൻ.
സ്നേഹത്തിൻ കൈപിടിച്ചുയർത്തി,
സ്വപ്നങ്ങൾ പൂവണിയിച്ചവൻ.
ഇന്നും ആ കരുത്തിൻ്റെ ബലത്തിൽ,
ജീവിതവീഥിയിൽ മുന്നേറിടുന്നു.
ഇറയത്ത് ഇന്ന് കാവലായി നിൽക്കും,
ഇരുളിലും വെളിച്ചം പകരുന്നവൻ.
ഇഴയാതെ ഈണവും ശ്രുതിയുമായി,
ജീവിതഗാനം ചിട്ടപ്പെടുത്തിയവൻ.
ഇംഗിതങ്ങൾ അറിഞ്ഞു നിഴലായെത്തി,
ഇടറുന്ന വേളയിൽ താങ്ങായവൻ.
തൊണ്ണൂറ്റൊന്നാം വയസ്സിലും ഉണർവോടെ,
മൂന്നാം യാമത്തിൽ ദിനം തുടങ്ങുന്നവൻ.
യോഗത്തിൻ ശ്വാസത്തിൽ കരുത്ത് കണ്ടെത്തി,
ജീവിതപാഠങ്ങൾ നിശ്ശബ്ദം പകരുന്നവൻ.
ഓർമ്മകൾ ചിലപ്പോൾ മങ്ങിപ്പോകുമെങ്കിലും,
സ്നേഹത്തിൻ പ്രകാശം മങ്ങുന്നില്ല.
കാലത്തിൻ പരീക്ഷകൾ താണ്ടിയ ആ മനസ്സ്,
ഞങ്ങൾക്കിന്നും വഴികാട്ടി നിൽക്കുന്നു.
മൗനത്തിൽ പോലും സ്നേഹം ചൊരിഞ്ഞ്,
മനസ്സിൽ ധൈര്യം നിറച്ചവൻ.
അച്ഛാ, നിനക്കൊരു നമനം എന്നും,
ആദരവിൻ പൂക്കൾ അർപ്പിക്കുന്നു.
സമർപ്പണം:
91-ാം വയസ്സിലും അച്ചടക്കവും യോഗാഭ്യാസവും ജീവിതത്തിന്റെ ഭാഗമായി തുടരുന്ന എന്റെ പ്രിയ അച്ഛന് സ്നേഹാദരങ്ങളോടെ...
ജീ ആർ കവിയൂർ
22 06 2026
(തിരുവല്ല , കവിയൂർ)

Comments