Tuesday, February 21, 2012

എന്റെ പുസ്തകത്തിന്റെ റിവ്യൂ


ആത്മാവിഷ്‌കാരങ്ങള്‍

പുസ്തകം : ആത്മാവിഷ്കാരങ്ങള്‍ 
രചയിതാവ് : ജി.ആര്‍. കവിയൂര്‍ 
പ്രസാധനം : റാസ്പെറി ബുക്സ് 
അവലോകനം : ഇന്ദിരാബാലൻ 



"മ്മിഞ്ഞപ്പാലോളം മധുരമുള്ള അമ്മ പറഞ്ഞ ഭാഷയുടെ മന്ത്രവുമായി "ജി.ആർ .കവിയൂരെന്ന പ്രവാസകവി അനുനിമിഷം ജീവിക്കുന്നു. അദ്ദേഹത്തിന്റെ 46 കവിതകളടങ്ങിയ "ആത്മാവിഷ്ക്കാരങ്ങൾ" എന്ന കാവ്യസമാഹാരത്തിലൂടെ കടന്നുപോവുമ്പോളനുഭവപ്പെടുന്നത്‌ നഷ്ടപ്പെടുന്ന പലജീവിതമുഖങ്ങളേയും, ജീവിതസത്യങ്ങളേയുമാണ്‌. പുതിയ കാലഘട്ടം മറന്നുകൊണ്ടിരിക്കുന്ന പല മൂല്യങ്ങളേയും ഓർമ്മപ്പെടുത്തുവാൻ ഈ കവിക്കു കഴിയുന്നു. അതു തന്നെയാണ്‌ യഥാർത്ഥത്തിലുള്ള ഒരെഴുത്തുകാരന്റെ ധാർമ്മികമായ കടമയും. ഹൈക്കുകവിതകളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള നാലു വരി കവിതകളിൽ ജീവിതത്തിന്റെ അപാരമായ അർത്ഥതലങ്ങളെ സന്നിവേശിപ്പിക്കുവാൻ ഒരളവുവരെ ജി. ആറി. നു കഴിയുന്നു. എന്താണ്‌ കവിത എന്നതിന്‌ ഇന്നു പല നിർവ്വചനങ്ങളുമുണ്ട്‌. എറിയുന്ന കല്ലുപോലെ അതു കഠോരവുമാണ്‌. എന്നാൽ ആത്യന്തികമായി പറയുമ്പോൾ അതു ഹൃദയത്തിൽ നിന്നൊഴുകുന്ന സംഗീതം തന്നെയെന്നു എളിയ എഴുത്തുകാരിയായ ഞാൻ വിശ്വസിക്കുന്നു.അതു വേദനയുടേതാകാം, ആഹ്ലാദത്തിന്റേതാകാം, കലഹത്തിന്റേതാകാം. നിലവിലുള്ള ഹേതുക്കളെ മാറ്റിമറിക്കുന്നതാകാം , കാഴ്ച്ചകളുടേതാകാം, സ്നേഹത്തിന്റേതാകാം, സ്വാതന്ത്ര്യത്തിന്റേതാകാം, പല രൂപഭേദങ്ങളുടെ സ്വരൈക്യമാകുന്നു "കവിത".ഈയൊരു തലത്തിലേക്കു ഈ കവിയുടെ കവിതകളെ ചേർത്തുവെക്കാം. പാരമ്പര്യസംസ്ക്കാരത്തിന്റെ വൃത്തനിബദ്ധതയിൽ നിന്നും തെന്നിമാറി നിയതമായ ഒരു താളം ഈ കവിതകളിൽ ഏകതാനത പുലർത്തുന്നുണ്ട്‌. യഥാർത്ഥ എഴുത്തുകാരെന്നും അസ്വസ്ഥചിത്തരാകും. ലോകദുഃഖങ്ങൾ തന്റേതായിക്കാണനുള്ള കവികൾക്കുള്ള കഴിവ്‌ അപാരമാണ്‌ കവിയുടെ ലോകത്തിൽ കവിതന്നെയാണ്‌ പ്രജാപതിയാകുന്നത്‌. .വിമർശക ചൊൽപ്പടിക്കു നിൽക്കുന്നവരുമല്ല കവികൾ. തന്റെ മനസ്സു പറയുന്നതിനനുസരിച്ചു മാത്രമേ കവിയുടെ തൂലിക ചലിക്കുകയുള്ളു. അതു സത്യസന്ധമായിത്തന്നെ അവരാവിഷ്ക്കരിക്കുന്നു. ഈ സത്യസന്ധതയും കവിയൂർക്കവിതകളിൽ ദർശിക്കാം.
"ആറുകടന്നാലും ആഴികടന്നാലും
അകക്കാമ്പിലൂറുന്നു എന്റെ ഭാഷ"

മനുഷ്യൻ സാഹചര്യങ്ങൾക്കനുസരിച്ചു മാറുമ്പോൾ തനതംശങ്ങളെല്ലാം തന്നെ മറക്കുന്നു. അതു ശരിയല്ലെന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്‌ ഈ വരികൾ. നാമെവിടൊക്കെ പോയാലും എത്ര വലിയവരായാലും തന്റേതായ സംസ്ക്കാരത്തിന്റെ തായ്‌വേര്‌ മുറിക്കാതിരികുക എന്നൊരു ആഹ്വാനവും ഈ വരികളിൽ അന്തർലീനമാകുന്നു. മനസ്സിനുള്ളിൽ വിനയമെന്ന സൗശീല്യം ഉള്ളവർക്കേ ഇങ്ങിനെ കുറിക്കാനാകു. ഈയൊരു ചിന്ത കവിയെ എപ്പോഴും മാതൃഭാഷയോടടുപ്പിക്കുന്നു. വസന്തത്തിന്റെ കൂട്ടുകാരായി മരങ്ങളേയും പക്ഷികളെയും കവി കാണുന്നു, പ്രകൃതി നശീകരണത്തിന്റെ ഇക്കാലത്ത്‌ ഈ ചിന്തകൾ കാണാക്കാഴ്‌ച്ചകളാകുന്നു.ഒന്നാം തീയതി ആവുമ്പോൾ ജീവിതപ്രാരബ്ധങ്ങളിൽ പെട്ടുഴലുന്നവരുടെ ആശങ്കകളാണ്‌ "ഇന്ന്‌ ഒന്നാം തീയതിയാണല്ലോ" എന്ന കവിത. ഓരോ മനുഷ്യരും കടന്നു വന്ന വഴികൾ മറക്കരുതെന്ന അഭ്യർത്ഥനയാണ്‌:നിങ്ങളെങ്ങനെ നിങ്ങളായെന്ന്‌ എന്ന രചന. നഷ്ടപ്പെടുന്ന ജീവിതസത്യങ്ങളെ കവി അനുനിമിഷം ഓരോ കവിതകളിലൂടേയും ഓർമ്മിപ്പിക്കുവാൻ ബാധ്യസ്ഥനാകുന്നു. എഴുത്തുകാരൻ സമൂഹത്തിനോടു പ്രതിബദ്ധതയുള്ളവനാണ്‌ .സമൂഹമാണ്‌` ഒരോ വ്യക്തിത്വങ്ങളേയും സൃഷ്ടിച്ചെടുക്കുന്നത്‌. പ്രതിഭാശാലികൾ എതു പ്രതിബന്ധങ്ങളെയ്യും തരണം ചെയ്തു മുന്നിലെത്തും. `സമൂഹത്തിന്റെ ദുഷ്‌ക്കൃതികളെ സമൂലം മാറ്റിയെടുക്കാനാവില്ലെങ്കിലും അന്യായങ്ങൾക്കെതിരെ ആർദ്ദ്രചിത്തരെങ്കിലും പ്രക്ഷോഭകാരികളായ കവികൾ ചൂണ്ടുവിരലുയർത്തുക തന്നെ ചെയ്യും ഈയൊരു ഉദ്യമത്തിൽ ശ്രീ ജി. ആർ. കവിയൂരെന്ന ഈ കവിസുഹൃത്ത്‌ ഒരളവു വരെ വിജയിച്ചിട്ടുണ്ട്‌. എനിയും ഉത്തരോത്തരം കവിതകളെഴുതി "ജി.ആർ. എന്ന പേര്‌ മലയാള കവിതയിൽ അന്വർത്ഥമായിത്തീരട്ടെയെന്ന്‌ ആശംസിച്ചുകൊണ്ട്‌ ഈ ചെറിയ ആസ്വാദനത്തിന്‌ വിരാമമിടുന്നു.
പൂര്‍ണ വിവരങ്ങള്‍ക്ക് താഴെ ഉള്ള ലിങ്കില്‍ നോക്കുക 
http://malayalambookreview.blogspot.in/2012/02/blog-post_20.html

3 comments:

ajith said...

അവലോകനം വായിച്ചു. അഭിനന്ദനങ്ങള്‍

ഞാന്‍ പുണ്യവാളന്‍ said...

അവലോകനം മികച്ചു നില്‍ക്കുന്നു ...... കവിയൂര്‍ ജിയുടെ കവിതകള്‍ നാലുവരിയില്‍ ഒളിച്ചിരിക്കുന്ന അത്ഭുതമാണ് ....കവിതയില്ലാതെ അദ്ദേഹത്തിനു ഒരു ജീവിതവുമില്ല കവിതയെ അത്രമേല്‍ സ്നേഹിക്കുന്ന അദ്ദേഹത്തിന്റെ കവിത ആസ്വാദക ഹൃദയം കീഴടക്കറെ എന്നാശംസിക്കുന്നു

( പുസ്തക പരിചയത്തില്‍ ഇട്ട കമന്റ്‌ കോപ്പി )

ഞാന്‍ പുണ്യവാളന്‍ said...

അവലോകനം മികച്ചു നില്‍ക്കുന്നു ...... കവിയൂര്‍ ജിയുടെ കവിതകള്‍ നാലുവരിയില്‍ ഒളിച്ചിരിക്കുന്ന അത്ഭുതമാണ് ....കവിതയില്ലാതെ അദ്ദേഹത്തിനു ഒരു ജീവിതവുമില്ല കവിതയെ അത്രമേല്‍ സ്നേഹിക്കുന്ന അദ്ദേഹത്തിന്റെ കവിത ആസ്വാദക ഹൃദയം കീഴടക്കറെ എന്നാശംസിക്കുന്നു

( പുസ്തക പരിചയത്തില്‍ ഇട്ട കമന്റ്‌ കോപ്പി )