ജീവിത ലയനം
ജീവിത ലയനം
അറിയാതെയുണരുമീ മൗനമായ്
വിടരാത്ത കാത്തിരിപ്പിൻ സ്വപ്നമായ്!
കണ്ണീരും കായലും ചേർന്നങ്ങ് കലർന്ന്
ഉപ്പുരസമായി മാറി,
നോവിൻ കടലിൽ ഒഴുകിയെത്തുമ്പോൾ
ജീവിതവഞ്ചി തുഴയുന്നവർ
ആരുമറിയാതെ പോകുന്നുവല്ലോ.
അറിയാതെയുണരുമീ മൗനമായ്
വിടരാത്ത കാത്തിരിപ്പിൻ സ്വപ്നമായ്!
കാറ്റിലുലയും തരിവെട്ടമെങ്കിലും
ദൂരെ തെളിയുന്ന തീരമതുണ്ട്,
ആയിരം നൊമ്പരപ്പാടുകൾ നീന്തി
ആ വെളിച്ചത്തെ നോക്കിത്തുഴഞ്ഞിടാം.
അറിയാതെയുണരുമീ മൗനമായ്
വിടരാത്ത കാത്തിരിപ്പിൻ സ്വപ്നമായ്!
അലയും തിരയും അടങ്ങുമീ വേളയിൽ
അറിവിന്റെ പുസ്തകത്താളുകൾ തുറക്കവേ,
ഈ യാത്രയൊടുവിൽ അലിഞ്ഞുചേരുന്നതോ
ആത്മപരമാത്മ ലയനത്തിൻ പുണ്യത്തിൽ!
അറിയാതെയുണരുമീ മൗനമായ്
വിടരാത്ത കാത്തിരിപ്പിൻ സ്വപ്നമായ്!
കാലചക്രങ്ങളിൻ വേഗമീ വഴിയിൽ
മാറ്റമെന്നുള്ളതൊരർത്ഥമാകും,
തേടുമീ ശാന്തിതൻ നിർവൃതിയായ്
ഏകമാം സത്യമതൊന്നിലലിഞ്ഞുപോയ്.
അറിയാതെയുണരുമീ മൗനമായ്
വിടരാത്ത കാത്തിരിപ്പിൻ സ്വപ്നമായ്!
ജീ ആർ കവിയൂർ
20 07 2026
(തിരുവല്ല, കവിയൂർ)
Comments