വാനര വീരന്മാർ

വാനര വീരന്മാർ
രാമദൂതരായ് വന്ന വാനരവീരന്മാർ,
ധർമ്മരക്ഷയ്ക്കായ് അണിചേർന്ന ധീരന്മാർ;
സുഗ്രീവനാഥന്റെ സേനയായ് ചേർന്നവർ,
ശ്രീരാമപാദത്തിൽ ഭക്തി ചൊരിഞ്ഞവർ.

കിഷ്കിന്ധനാഥനായ് സുഗ്രീവൻ വാണപ്പോൾ,
രാമന്റെ അനുചരനായ് കൂടെ നിന്നവൻ;
തൻ രാജ്യലബ്ധിക്കായ് പൊരുതിയ ധീരൻ,
രാമകാര്യത്തിനായ് സേനയെ നൽകിയവൻ.

ബാലിതൻ പുത്രനാം അംഗദൻ ധീരനാം,
ലങ്കയിൽ ദൂതനായ് ചെന്നവൻ വീരനാം;
രാവണസഭയിൽ ഭയമൊന്നുമില്ലാതെ,
ധൈര്യത്തിൻ ദീപമായ് നിന്നവൻ ബാലൻ.

ജാംബവാൻ എന്ന ആ വൃദ്ധകരടിശ്രേഷ്ഠൻ,
ജ്ഞാനത്തിൻ ഭണ്ഡാരമായ് നിന്ന മഹാമാന്യൻ;
മറന്നുപോയ ശക്തിയെ ഓർമ്മിപ്പിച്ചവൻ,
മാരുതിക്കു കടൽചാടാൻ ധൈര്യം പകർന്നവൻ.

നളനും നീലനും ദിവ്യശില്പികളായ്,
സമുദ്രത്തിൽ സേതുവൊരുക്കിയ മാന്ത്രികർ;
കല്ലുകൾ വെള്ളത്തിൽ പൊന്തിച്ചു നിർത്തി,
രാമസേനയ്ക്കൊരു പാതയൊരുക്കിയവർ.

വാനരസേനയും വീരവാനരരും,
രാമവിജയത്തിൻ മകുടപ്രകാശങ്ങൾ;
ധർമ്മത്തിനായ് തങ്ങളുടെ ജീവൻ വെടിഞ്ഞവർ,
രാമായണത്തിൽ എന്നും വാഴ്ത്തപ്പെട്ടവർ.

കടൽ കടന്നുചെന്നവർ ലങ്കയെ കീഴടക്കി,
രാവണസേനയെ തകർത്തെറിഞ്ഞവർ;
സീതാദേവിയെ വീണ്ടെടുക്കാൻ സഹായിച്ചവർ,
ലോകം നമിക്കുന്ന വാനരവീരന്മാർ.

സേവനസാഹസങ്ങൾ ഒത്തുചേർന്നവർ,
സ്നേഹത്താൽ രാമന്റെ തോഴരായ് മാറിയവർ;
ഭക്തിയുടെ പാഠങ്ങൾ പകർന്നുതന്നവർ,
യുഗങ്ങൾ കഴിഞ്ഞാലും ഓർമ്മിക്കപ്പെടുവർ.

രാമന്റെ കീർത്തി ലോകമാകെ പാടിയ,
വാനരവീരന്മാർ എന്നും വാഴ്ത്തപ്പെടും;
അവരുടെ ത്യാഗവും വീരപരാക്രമവും,
ഭൂമിയുള്ളോളം നാം പാടിടും സദാ.

ജീ ആർ കവിയൂർ 
09 08 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം