മഴ... മർമ്മരം... കവിത
മഴ... മർമ്മരം... കവിത
കാർമേഘങ്ങളും
ഒരു ഇക്കിളി കാത്തിരിക്കുന്നു...
പരസ്പരം
ഒന്നു കണ്ടുമുട്ടിയിരുന്നെങ്കിൽ,
കാറ്റ്
കൈകുമ്പിളിൽ കോരിയെടുത്ത കടലിനെ
ആകാശത്തേക്ക് വലിച്ചെറിയുമായിരുന്നു.
ആ ഏറ്റുമുട്ടലിന്റെ
ആദ്യ ഞെട്ടലിൽ,
മിന്നൽ
ഒരു വരി കുറിക്കുമായിരുന്നു...
ഇടിമുഴക്കം
അതിന് താളം പകരുമായിരുന്നു...
പിന്നെ,
മഴത്തുള്ളികൾ
ഭൂമിയുടെ നെറുകയിൽ വീണ്
മർമ്മരങ്ങൾ തീർക്കുമായിരുന്നു.
ഓരോ തുള്ളിയും
ഒരു അക്ഷരമായി,
ഓരോ ഒഴുക്കും
ഒരു വരിയായി,
ഓരോ നനവും
ഒരു ഓർമ്മയായി,
അവസാനം,
ഭൂമിയും ആകാശവും ചേർന്ന്
ആരും എഴുതാത്ത,
ആരും വായിച്ചു തീർക്കാത്ത,
എന്നും പെയ്തുകൊണ്ടിരിക്കുന്ന
ഒരു കവിതയായി മാറുമായിരുന്നു...
ജീ ആർ കവിയൂർ
30 07 2026
( തിരുവല്ല, കവിയൂർ)
Comments