പ്രകൃതിയുമായി ഒരു സന്ധ്യ
പ്രകൃതിയുമായി ഒരു സന്ധ്യ
കൊടിയ വേനലിലും
വറ്റാത്ത ഓർമ്മകളുടെ
ഉറവകൾ നിറഞ്ഞൊഴുകി...
മനസ്സിന്റെ മാനത്ത്
മറനീക്കി വന്നു നിൻ
മേഘമല്ലാറിൻ സ്മരണകൾ...
മിഴികളിൽ പെയ്തൊഴുകി
നദിപോലെ...
നിലാവിന്റെ നിഴൽപ്പാതി
സ്വപ്നത്തിന് തീരമണച്ച്
ഇന്ന് നീലനീലിമയാർന്ന
കടൽ ചേർന്നലയടിച്ചു...
അവയുടെ മാറ്റൊലിയാൽ
കുയിൽ പാടി പഞ്ചമം,
മയിലാടി ആലോലം,
തെന്നൽ നൽകി സംഗീതം.
പൂത്തുലഞ്ഞു വാടിയാകെ
വർണശബളിമയാൽ,
സപ്തനിറത്താൽ തിളങ്ങി
വാനവിൽ...
ശീൽക്കാരത്തോടെ
ശിശിരം വന്നു,
നിൻ ചൂടാർന്ന
കരവലയത്തിനായ്
കാത്തിരുന്നു...
ഋതുക്കൾ
മാറിമറഞ്ഞു,
രാവും പകലും
വന്നുപോയി...
നീ മാത്രം
എന്തേ വന്നില്ല?
ഞാനിന്നും
നിന്നോർമ്മകളുടെ
ലോകത്തിൽ കഴിയുന്നു...
ജീ ആർ കവിയൂർ
27-07-2026
( തിരുവല്ല, കവിയൂർ)
Comments