നീ മാത്രമുണ്ടായാൽ മതി.

 നീ മാത്രമുണ്ടായാൽ മതി.

നിദ്രയില്ലാ രാവുകൾ നീറുന്ന മനവുമായി 
നീ മാത്രം എൻ വിരൽത്തുമ്പിൽ നിറയുന്നു 
എൻ ആശ്വാസമായി, വിശ്വാസമായി
ഔഷധമായി, അക്ഷരക്കൂട്ടിൽ ഈണമായി.

നീ മാത്രമെൻ ഏക സാന്ത്വനമായ്‌
മൗനത്തിൻ താളത്തിൽ താങ്ങായുണരുന്നു!

ചിന്തതൻ താളുകളിൽ കാണുന്നു ഞാൻ,
കഴിഞ്ഞു പോയ നാൾവഴികൾ.
പടലപ്പിണക്കങ്ങൾ, പരിഭവങ്ങൾ,
എല്ലാം ചിരികളിയിൽ മാഞ്ഞ നാളുകൾ.
മധുരനോവുകൾ തന്ന വേളകളും,
ഇനി ഒരിക്കലും മടങ്ങിവരില്ലെന്നറിഞ്ഞും...

ഓർമ്മതൻ തീരത്ത് തിരയായ് നുരയുന്ന,
കാലത്തിൻ ഗീതമായി കൂടെയുണ്ടാവണേ.
തളരുന്ന വേളകളിൽ താങ്ങായി, തണലായി,
എന്നുമുണ്ടാവണേ നിത്യശാന്തിയിൽ ആഴ്ന്നുപോവോളം!

ഇനിയുമീ ഏകാന്തയാത്രയിൽ വഴികാട്ടിയായ്,
ശൂന്യതയിൽ നിറയുന്ന പ്രകാശമായ് കൂടെവരൂ,
നിശ്വാസമെൻ കവിതയിൽ ലയിച്ചു ചേരും വരെ,
ഒരു സ്നേഹഗീതമായ് നീ മാത്രമുണ്ടായാൽ മതി.

ജീ ആർ കവിയൂർ 
02 04 2026
(തിരുവല്ല , കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം