നീട്ടിയ ഭാഗ്യം

 നീട്ടിയ ഭാഗ്യം




നര വീണ മുടിയും തെളിഞ്ഞൊരു ചിരിയും
മിഴിയിൽ ഒളിച്ചൊരു നോവിൻ കടലും,
ചായക്കടയുടെ കോണിലിരിക്കെ
ചാരത്തു വന്നു നീ നീട്ടിയ ചീട്ട്.

അമ്പതു രൂപതൻ ചില്ലറത്തുട്ടുകൾ
അരികിലെ കൈകളിലേക്ക് മാറുമ്പോഴേ,
മുച്ചക്രവണ്ടിതൻ യാത്രാക്കൂലി
നടന്നുതീർക്കാമെന്നു കരുതി അപ്പോൾ.

സംഖ്യാശാസ്ത്രവും ഭാഗ്യക്കുറിയും
നേരമ്പോക്കായ് തള്ളി മനസ്സൊരു-
നിമിഷത്തിൽ വിശ്വസിച്ചീടുന്നു മർത്യാ,
നാളെയാ ഭാഗ്യം തുണയ്ക്കുമെന്നോർത്തു.

സമ്മാനമില്ലെന്നറിഞ്ഞൊരീ രാത്രിയിൽ
നഷ്ടബോധങ്ങളേതുമില്ലിന്നു സഖേ,
ഒരു നൂറു രൂപപോലും കിട്ടിയില്ലെങ്കിലും
നമ്മെ തമ്മിൽ കോർത്തൊരീ അക്ഷരക്കൂട്ട്!

ജീ ആർ കവിയൂർ 
19 05 2026
( കവിയൂർ, തിരുവല്ല)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത