ഐതിഹ്യമാല ചാർത്തിയ താര തിളക്കം

 ഐതിഹ്യമാല ചാർത്തിയ താര തിളക്കം

(പല്ലവി)
കോട്ടയത്തുദിച്ചൊരു വാസുദേവ പ്രഭോ 
കോട്ടാരത്തിൽ ശങ്കുണ്ണിയായ് മാറിയോനേ...
കേരളീയ ഭാവന തൻ തൂലികാ ചൈതന്യമേ,
ഐതിഹ്യമാല നെയ്ത അക്ഷര പുണ്യമേ!

(അനുപല്ലവി)
അനശ്വര കഥകളാൽ കാലത്തെ ജയിച്ചവൻ,
അക്ഷര മുൻഷിയായ് വിദ്യ പകർന്നവൻ...
മണിപ്രവാളത്തിൻ മണിമുത്തുകൾ കോർത്തു നീ,
മലയാള മണ്ണിൽ അമൃതം ഒഴുക്കിയോൻ!

(ചരണം 1)
പറയിപെറ്റൊരു പന്തിരുകുലത്തിൻ കഥകളും,
പാറയും കാടും നിറഞ്ഞോരു പാതയിൽ,
കായംകുളം കൊച്ചുണ്ണിയും മാന്ത്രികരുമായി,
കാലം മറക്കാത്ത ചിത്രങ്ങൾ വരച്ചവനേ...
എട്ടു ഗ്രന്ഥങ്ങളിൽ കേരള ചരിതത്തെ,
മുത്തുകളായി നീ കോർത്തു വെച്ചുവല്ലോ!

(ചരണം 2)
കൊച്ചി നൃപൻ നൽകിയ കവിതിലക പട്ടവും,
സേതുലക്ഷ്മീഭായി തന്ന വീരശൃംഖലയും,
അലങ്കാരമല്ല നിൻ ആത്മ സമർപ്പണം,
മലയാള ഭാഷയ്ക്ക് നീയൊരു ഭൂഷണം...
കാവ്യലോകത്ത് നിന്നും അവിടുന്നു വിടപറഞ്ഞെങ്കിലും,
ഐതിഹ്യമാലയായ് വാഴുന്നു സാദരം!

(ചരണം 3)
അമരത്വം നേടിയോരാനക്കഥകളും,
അമ്പലപ്പുഴയിലെ വേലകളുമെല്ലാം,
പാണന്റെ പാട്ടിലും നാടോടി ഈണത്തിലും,
പാലാഴി പോലെ നീ പെയ്തു തീർത്തുവല്ലോ...
ഗജരാജ പ്രൗഢിയും നാട്ടുനന്മകളും,
വരികളിൽ നീയൊരു കാവ്യമാക്കി മാറ്റി!

(ചരണം 4)
തലമുറകൾ ഓതും പുരാവൃത്ത ഗാഥകൾ,
തൂലികാ തുമ്പിൽ നീ ആവാഹിച്ചുവല്ലോ,
മറവി തൻ ആഴത്തിൽ വീണുപോകാതെ അങ്ങ് 
മഹാചരിതങ്ങളെ കാത്തുരക്ഷിച്ചുവല്ലോ...
കാവ്യലോകത്തിൽ വാഴും സരസ്വതീ പുത്രനേ,
കോടി പ്രണാമങ്ങൾ നൽകുന്നു ഞങ്ങൾ!

ജീ ആർ കവിയൂർ 
16 05 2026
( കവിയൂർ , തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത