കവിത - അക്ഷരങ്ങൾ മൗനമാകുന്നു

 കവിത - 
അക്ഷരങ്ങൾ മൗനമാകുന്നു



ശുചിമുറിയിലെ നീല ബക്കറ്റിൽ
ഒരു അട്ട കരിഞ്ഞു വീണു കിടക്കുന്നു,
മനുഷ്യന്റെ ചൂടല്ല, പ്രകൃതിയുടെ കനിവാണ്
ആ കഠിനമായ വേനലിൽ വറ്റിപ്പോയത്.

അക്ഷരമാല മറന്നൊരു പാഠപുസ്തകം
പള്ളിക്കൂടത്തിൽ പിച്ച വെക്കുന്നു,
സംസ്കാരം പഠിക്കാത്ത ബാല്യങ്ങൾക്കായി
ഇരുണ്ട കരങ്ങൾ കാത്തുനിൽക്കുന്നു.

പൂമുഖത്ത് ഇന്നും അപ്പൂപ്പൻമാർ മാത്രം,
മക്കൾ പറന്നകന്ന ശൂന്യമായ കൂടുകൾ.
ദൈവത്തിന്റെ നാട് കടം കയറി-
മറ്റൊരു പേരായി മാറിടുന്നു.

നേര് പറഞ്ഞാൽ നാവരിഞ്ഞേക്കാം,
നിഴലുകൾ നമ്മെ പിന്തുടർന്നേക്കാം.
അതുകൊണ്ട് കവിതയിൽ മുള്ളുകൾ ഒളിപ്പിക്കാം,
പൂക്കൾക്കിടയിൽ ഒരു നൊമ്പരമായി മാറാം.

മാറ്റത്തിൻ്റെ നോവും കാത്ത് നീറും 
മനവുമായി ജീ ആർ എന്ന ഞാനും.

ജീ ആർ കവിയൂർ 
29 04 2026
( കവിയൂർ, തിരുവല്ല)

Comments