മൗനവാത്മീകത്തിൽ
മൗനവാത്മീകത്തിൽ
ചില മൗനങ്ങൾ ശബ്ദത്തേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു... ചില നോവുകൾ അക്ഷരങ്ങളായി പെയ്യാൻ കാത്തിരിക്കുന്നു... പറയാതെ പോയ കഥകളും, പാതിവഴിയിൽ മറഞ്ഞ സ്വപ്നങ്ങളും, ഓർമ്മകളുടെ തീരത്ത് നിശ്ശബ്ദമായി ഇരിക്കുന്ന ആത്മാവിന്റെ വിങ്ങലുകളുമാണ് ഈ വരികളിൽ.
ജീവിതത്തിന്റെ ആർത്തിരമ്പുന്ന കടലാഴങ്ങളിൽ നങ്കൂരമിടാനാവാതെ തുഴയൊടിഞ്ഞൊരു മനസ്സിന്റെ യാത്ര... നെഞ്ചിലൊതുക്കിയ മഴമേഘങ്ങൾ അക്ഷരനദിയായി ഒഴുകുമ്പോൾ പിറന്ന കവിത...
മൗനവാത്മീകത്തിൽ
ആരുണ്ടെന്റെ മൗനവാത്മീകമുടച്ച്
നെഞ്ചിലെ നെരിപ്പോടിലെ തീയണച്ച്
തീർത്താൽ തീരാത്ത മൗനനോവ്
ഉരുകിയൊഴുകട്ടെ അക്ഷരനദിയായി...
ആർത്തിരമ്പും കടലാഴങ്ങൾ തേടും
ജീവിതസങ്കൽപ്പങ്ങളുടെ നടുവിൽ
നങ്കൂരമിടാനാവാതെ തുഴയൊടിഞ്ഞ്
നാവുയർത്താനാവാതെ തേങ്ങുന്നു...
ആരറിയും കാലത്തിൻ കോലായിൽ
ചിതലരിച്ച മഷിപ്പാടുകൾ മായാതെ
പറയാതെ പോയൊരു കഥപോൽ
പാതിവഴിയിൽ സ്വപ്നങ്ങൾ മറയുന്നു...
മൗനത്തിൻ ചില്ലയിൽ കൂടുകൂട്ടിയ
മോഹങ്ങൾ ഓരോന്നായ് കൊഴിഞ്ഞുവീണു
പെയ്യാതെ മേഘങ്ങൾ നെഞ്ചിലൊതുക്കി
പകലുകൾ പോലും ഇരുളായ് മാറി...
ഒടുവിലൊരു വരിയായ് പിറന്നുവീഴാൻ
അവസാന ശ്വാസവും കാത്തുനിൽക്കേ
ഓർമ്മകൾ മാത്രം കൂട്ടിനിരുന്ന്
അറിയാത്ത തീരത്തേക്കൊഴുകുന്നു..
ജീ ആർ കവിയൂർ
26 11 2026
( തിരുവല്ല, കവിയൂർ)
Comments