വിൽക്കാനാവാത്ത നിമിഷങ്ങൾ
വിൽക്കാനാവാത്ത നിമിഷങ്ങൾ
വിലകൊടുത്തു വാങ്ങിയെടുക്കാനാവാത്ത
വസന്തങ്ങളുണ്ട് ജീവിതത്തിൽ;
തിരികെ വിളിച്ചാൽ മടങ്ങിവരാത്ത
തിരുനാളുകളുണ്ട് ഓർമ്മയിൽ.
ബാല്യത്തിൻ മുറ്റത്തെ മാവിൻ ചുവട്ടിൽ
പങ്കിട്ട മധുരങ്ങൾ മാഞ്ഞുപോയി;
അമ്മതൻ കൈകളിൽ തലചായ്ച്ചുറങ്ങിയ
അമൃതനിമിഷങ്ങൾ അകന്നുപോയി.
സമ്പത്തിന്റെ കൊട്ടാരം പണിതുയർത്തിയാൽ
സന്തോഷം സ്വന്തമാക്കാനാവില്ല;
കാലത്തിന്റെ കൈകളിൽ കൈമാറിയൊരിക്കൽ
കാണാതെ പോയത് തിരിച്ചുകിട്ടില്ല.
ഒടുവിൽ ജീവിതം കണക്കു ചോദിക്കുമ്പോൾ
കൈവശം ശേഷിക്കുന്നത് ഓർമ്മകൾ;
നാണയമില്ലാത്തൊരു നിധിപോലവ
നമ്മുടെ ഹൃദയത്തിലെ നിമിഷങ്ങൾ!
ജീ ആർ കവിയൂർ
28 11 2026
( തിരുവല്ല, കവിയൂർ)
Comments