കവിയെത്തുന്നിടം(ദാർശനിക കവിത)

കവിയെത്തുന്നിടം
(ദാർശനിക കവിത)
സൂര്യനു ചെന്നെത്താനാവാത്തിടത്ത്
ഭാവനയുടെ ചിറകുകൾ പറന്നെത്തും;
കണ്ണുകൾ കാണാത്ത വിസ്മയലോകത്ത്
അക്ഷരനക്ഷത്രങ്ങൾ മിന്നിത്തിളങ്ങും.

മറ്റുള്ളവർ കാണാത്ത കണ്ണീർത്തുള്ളി
മിഴികളിൽ മുത്തായി മാറിടും;
മൗനം മറച്ചുവെച്ച നൊമ്പരങ്ങൾ
തൂലികത്തുമ്പിൽ പാട്ടായിടും.

അതിരുകളില്ലാത്തൊരു പ്രപഞ്ചത്തിൽ
സൃഷ്ടിയുടെ സ്രഷ്ടാവായിടും;
ഒരു ചെറുവാക്കിനുള്ളിൽ പോലും
ഒരു മഹാലോകം പണിതുയർത്തും.

കാറ്റിന്റെ ചുണ്ടിലെ കഥകളറിഞ്ഞ്
മേഘത്തിൻ സ്വപ്നങ്ങൾ വായിച്ചറിഞ്ഞ്
കാലത്തിന്റെ മായാത്ത താളുകളിൽ
ഹൃദയമുദ്രകൾ പതിച്ചിടും.

പൂവിന്റെ ഉള്ളിലെ നൊമ്പരവും
മണ്ണിന്റെ മൗനപ്രാർത്ഥനയും
പുൽനാമ്പിന്റെ അതിജീവനവും
മനുഷ്യന്റെ ആത്മവേദനയും
ഒരുപോലെ നെഞ്ചിലേറ്റിടും.

വെറും വാക്കുകളല്ല വരികളാകുന്നത്,
കാലത്തോടുള്ളൊരു സംവാദമാണ്;
വെറും സ്വപ്നങ്ങളല്ല ഭാവനകൾ,
നാളെയിലേക്കുള്ളൊരു ദീപമാണ്.

സൂര്യൻ മറഞ്ഞാലും വെളിച്ചമേകും,
ചന്ദ്രൻ മറന്നാലും നിലാവു പകരും;
ലോകം മറന്നുപോയ മനുഷ്യർക്കായി
സ്നേഹത്തിന്റെ തീരമൊരുക്കും.

രവിയെത്താത്ത വിദൂരതകളിൽ
സർഗ്ഗചേതന പറന്നെത്തും;
പറയാനാവാത്തൊരു ഹൃദയവികാരം
കവിതയായി സംസാരിച്ചീടും.

ജീ ആർ കവിയൂർ 
18 11 2026
(തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം