ഒടുവിൽ ഒന്നും സ്വന്തമല്ല
ഒടുവിൽ ഒന്നും സ്വന്തമല്ല
മാളിക പണിതുയർത്താൻ ആയുസ്സു തീർന്നുപോയി
ധനം വാരിക്കൂട്ടുമ്പോൾ സന്ധ്യയും വന്നുപോയി
സ്വന്തമെന്നു കരുതി നെഞ്ചോടു ചേർത്തവരും
നേരം വന്നപ്പോൾ എന്നെ വിട്ടകന്നുപോയി
പേരിനു പിന്നാലെ നടന്ന് എന്നെത്തന്നെ മറന്നു
നാളെയെക്കുറിച്ചുള്ള ചിന്തയിൽ ഇന്നിനെ മറന്നു
കൂട്ടിവെച്ച സമ്പാദ്യം സന്തോഷമായ് കരുതി
കൂട്ടിനാരുമില്ലാതെ ജീവിതം കടന്നുപോയി
ബന്ധങ്ങൾ പലതും കാലത്തിൽ അകന്നുപോയി
ബന്ധിച്ച മോഹങ്ങളെല്ലാം കാറ്റിൽ പറന്നുപോയി
ചിരിച്ചിരുന്ന നാളുകൾ ഓർമ്മയിൽ ഒതുങ്ങി
ചിന്തകളുടെ ഭാരത്താൽ മനസ്സു തളർന്നുപോയി
ജീവിതം പഠിപ്പിച്ച പാഠമിതു മാത്രമല്ലോ
ജീവിച്ചു തീർത്ത നാളുകളേ സ്വന്തമെന്നുള്ളൂ
ഇവിടെ നാം നേടിയതെല്ലാം ഇവിടെ ശേഷിക്കും
ഒടുവിൽ വെറും കൈയോടെ യാത്രയാകണം
ജീ ആർ കവിയൂർ
07 11 2026
( തിരുവല്ല, കവിയൂർ)
Comments