ആരോ എന്നെയും തേടുന്നുവോ...( പ്രണയഗാനം)
ആരോ എന്നെയും തേടുന്നുവോ...
( പ്രണയഗാനം)
പല്ലവി
ആരോ ആരെയോ അറിയാതെ സ്നേഹിക്കുന്നു ആരോ എന്നെയും അറിയാതെ തേടുന്നു ഓരോ തുടിപ്പിലും ആരെയോ തിരയുന്നു എന്നെ തേടുന്നതുപോൽ ഹൃദയം പറയുന്നു...
അനുപല്ലവി
ഒരുപക്ഷേ കേട്ടതാകാം നിൻ മൗനപ്രാർത്ഥന ഒരുപക്ഷേ അറിഞ്ഞതാകാം നിൻ മനോവേദന എന്തോ മധുരമാം മോഹത്തിൻ നൊമ്പരം എന്നിലുമെത്തിയോ അറിയാത്ത നേരം...
ചരണം 1
കാറ്റിൽ ഒഴുകിയൊരു ഗന്ധമായ് നീ കാതിൽ പതിഞ്ഞൊരു ഗാനമായ് നീ കാണാതെ കണ്ടൊരു സ്വപ്നമായ് നീ കാലമെഴുതിയ കാവ്യമായ് നീ...
മിഴികൾ തിരയുന്ന രൂപം നീയോ മനസ്സിൽ നിറയുന്ന നിഴൽ നീയോ അറിയാതെ എന്നിൽ പൂത്ത പ്രണയം അകലെയിരുന്നും അരികിൽ വരുന്നു...
ചരണം 2
രാവിൻ നിലാവിൽ നിൻ മുഖം കാണാം രാഗം നിറഞ്ഞൊരു നിൻ സ്വരം കേൾക്കാം പറയാൻ കഴിയാത്ത വാക്കുകൾ പോലും പവിഴമധുരമായ് ഉള്ളിൽ നിറയും...
എന്നെ വിളിക്കാതെ നീ വിളിക്കുന്നുവോ എന്നെ അറിയാതെ നീ അറിയുന്നുവോ രണ്ടു ഹൃദയങ്ങൾ തമ്മിൽ ചേരുമ്പോൾ ദൂരം പോലും മാഞ്ഞുപോകുന്നുവോ...
ചരണം 3
ഒരു നാൾ നമ്മൾ കണ്ടുമുട്ടുമ്പോൾ ഒരു നിമിഷം മിഴികൾ ഇടയുമ്പോൾ പറയാതെ പോയൊരു പ്രണയകഥ പൂർത്തിയാകുമോ ആ നിമിഷത്തിൽ...
നീയും തിരഞ്ഞൊരു മുഖം ഞാനെങ്കിൽ ഞാനും തിരഞ്ഞൊരു സ്വരം നീയെങ്കിൽ ജന്മാന്തരങ്ങൾ കടന്നുവന്നൊരു ബന്ധമാകുമോ ഈ അനുഭൂതി...
ജീ ആർ കവിയൂർ
07 11 2026
( തിരുവല്ല, കവിയൂർ)
Comments