തൊട്ടറിഞ്ഞിട്ടുണ്ടോ...
തൊട്ടറിഞ്ഞിട്ടുണ്ടോ...
ആത്മാവിനെ കണ്ടിട്ടുണ്ടോ
അതിനെ തൊട്ടറിഞ്ഞിട്ടുണ്ടോ
നനവാർന്ന കോടമഞ്ഞിൻ കണങ്ങളാലെ
ശ്വാസത്തോടൊപ്പം തൊട്ടറിഞ്ഞിട്ടുണ്ടോ
കൊതുമ്പു വള്ളത്തിൽ നിലാവിൽ
മാനം നോക്കി നോക്കി കിടന്നിട്ടുണ്ടോ
വെള്ളത്തിൻ ഓളങ്ങളുടെ താളങ്ങളും
കാറ്റിന്റെ പ്രണയ മർമ്മരങ്ങൾ കേട്ടിട്ടുണ്ടോ
ആമ്പലിന്റെ മന്ദഹാസത്തിൻ
വെണ്മയോടൊപ്പമുള്ള നാണവും
ചീവീടുകളുടെ പ്രഖ്യാപനങ്ങളുടെ
പൊരുളറിഞ്ഞിട്ടുണ്ടോ നീ പ്രിയതേ
കുന്നിൻ മുകളിലേറി കോവിലിലെ
നിശ്ശബ്ദതക്കപ്പുറത്തുനിന്നുമുള്ള ചന്ദന ഗന്ധവും
മൗനമുടക്കുന്ന മണിനാദത്തിൻ നാവിന്റെ
ചലനങ്ങളെ കണ്ടറിഞ്ഞിട്ടുണ്ടോ ആവോ
ദേഹിയകന്ന ദേഹം എത്ര തവണ
കത്തി അമരുമ്പോഴും ഒരുപിടി
ചാരം മണ്ണായി മാറുന്നുവല്ലോ
മനസ്സിലാക്കിയിട്ടുണ്ടോ സത്യം
ആത്മാവിനെ കണ്ടിട്ടുണ്ടോ
അതിനെ തൊട്ടറിഞ്ഞിട്ടുണ്ടോ
നനവാർന്ന കോടമഞ്ഞിൻ കണങ്ങളാലെ
ശ്വാസത്തോടൊപ്പം തൊട്ടറിഞ്ഞിട്ടുണ്ടോ..!!
ജീ ആർ കവിയൂർ
12 .05 .2021
Comments