ഞാനാരുമല്ല

 ഞാനാരുമല്ല




ഞാനാരുമല്ല

എഴുത്തിനെ പനയോലത്തുഞ്ചത്ത്  
എത്തിക്കാൻ നാരായം കൊണ്ടു  
കിളിപ്പാട്ട് രചിച്ച  
തുഞ്ചത്തെഴുത്തച്ചനല്ല ഞാൻ.  

കൃഷ്ണഗാഥ പാടി,  
വഞ്ചിപ്പാട്ട് തുഴഞ്ഞു നീന്തിയ  
ചെറുചിരിയോടെ ലോകം കീഴടക്കിയ  
ചെറുശ്ശേരിയുമല്ല ഞാൻ.  

പൂ പോലെ ശ്ലോകങ്ങൾ പൊഴിച്ച്,  
പുണ്യജ്ഞാനം പാനം ചെയ്ത  
പൂന്താനമല്ല ഞാൻ.  

കലക്കത്ത് നിന്നുയർന്ന് 
കൂത്തമ്പലത്തിലെത്തി
കപടതയെ കൊഞ്ചനം കാട്ടി തുള്ളിയ
കുഞ്ചൻ നമ്പ്യാരുമല്ല ഞാൻ

വെള്ളം ചേർക്കാതെ  
വള്ളത്തിലേറ്റി അക്ഷരങ്ങളെ 
ക്ഷതമില്ലാതെ  
വലം തോൾ കൊടുത്ത വള്ളത്തോളുമല്ല ഞാൻ.  

ഇടനെഞ്ചു പൊട്ടി
ഇടയ്ക്ക കൊട്ടി 
ഈണത്തിൽ ജീവിത താളത്തിൽ
ഇടതടവില്ലാതെ കൈരളിക്കു  
കാവ്യങ്ങൾ അർപ്പിച്ച  
ഇടശ്ശേരിയുമല്ല ഞാൻ

വെയിലിനു തണലായിനിന്ന
മാവിലെ മാമ്പഴം തന്നു കണ്ണുനീർ നിറച്ച
വൈലോപ്പിള്ളിയുമല്ല ഞാൻ

ചങ്കുതുറന്ന് ചന്തത്തിൽ  
ചന്ദനമഴയായി പ്രണയവേദന പകർന്ന  
ചങ്ങമ്പുഴയുമല്ല ഞാൻ.  

മണിപ്രവാളമണിഞ്ഞ്  
ശൃംഗാരരസം ചൊരിഞ്ഞ  
പുരാതന കവികളുമല്ല ഞാൻ.  

ഇന്ന് ഞാൻ നാളെ നീഎന്നും
കളിത്തട്ടുകളിലെ അച്ഛനും
കാവ്യാംഗനെ തേടി നടന്നവരും
ഭാരതപ്പുഴയുടെ ഭാവഗീതങ്ങൾ തന്ന
ജീ യും പിയും ഭാസ്കരൻ മാഷുമല്ല ഞാൻ

വയലേലകളും താണ്ടി  
വിപ്ലവത്തിന് വിത്ത് വിതച്ചും  
ഭൂമിക്ക് ചരമഗീതം എഴുതിയും  
ഇരുളല്ലോ സുഖപ്രദം എന്നുപാടിയും 
നിങ്ങൾ എങ്ങിനെ നിങ്ങളായെന്നും
"വെറും ഒരു മോഷ്ടാവോയൊരെന്നെ  കള്ളനെന്ന് വിളിച്ചിലെ.." എന്ന് ഉറക്കെയും 
"മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു...."
.എന്ന് എഴുതി പാടിയവരാം  
വയലാറും, ഒ.എൻ.വിയും, അക്കിത്തവും 
കടമനിട്ടയും അയ്യപ്പ പണിക്കരും ഡി വിനയ ചന്ദ്രനുമല്ല ഞാൻ

കുട്ടിത്തം കവിതയായി  
പൊക്കമില്ലായ്മയെ 
പൊക്കമാക്കി എഴുതി  
കുഞ്ഞുണ്ണിമാഷുമല്ല ഞാൻ.  

ചെത്തുവഴികളെ ചുമപ്പിച്ച്  
ആക്ഷേപം വിതച്ച  
ചെമ്മനം ചാക്കോയുമല്ല ഞാൻ

മലയാളത്തിന്റെ ലാളിത്യത്തിൽ  
മാതൃസ്നേഹം പകർന്നു നൽകിയ  
ബാലാമണിയും, ലളിതാംബികയും,  
സുഗതകുമാരിയുമല്ല ഞാൻ 

എന്നിലെ കവിതയുടെ  ആഴമറിഞ്ഞു
എഴുത്ത് നൽകും ആശ്വാസവും,  
വിശ്വാസവും, ഔഷധവുമാണ്  
എന്ന് പറഞ്ഞ് വഴികാട്ടിയായ  
ഗുരുതുല്യ ചുനക്കരയുമല്ല ഞാൻ.  

ഇനിയും പറഞ്ഞുപോരാത്ത  
അനവധി കവികളുടെ പ്രഭാവം താങ്ങാൻ  
ഞാനൊരാളുമല്ല.  

പിന്നെ ഞാനാരാണെന്ന് 
തിരഞ്ഞു നടക്കും  
കവിതയുടെ വിത തേടി  
കവിയൂരുകാരനായി  
ജീവിക്കുന്നു ജീ ആർ എന്ന ഞാൻ.

ജീ ആർ കവിയൂർ  
25 02 2026  
(കാനഡ, ടൊറന്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “