ചിന്തകളുടെ ജീവിത വഴിയിൽ
ചിന്തകളുടെ ജീവിത
വഴിയിൽ
പിന്നിട്ട നാൾ വഴിയിലൂടെ
ഓർമ്മകളെ ബാല്യത്തിലേക്ക്
തിരികെ നടത്തുമ്പോളറിയാതെ
വെള്ളി വീണതുമെറെ മിനുസ്സമായ
തലയിലൂടെ കൈയൊടിക്കുമ്പോൾ
നഷ്ടമായ നാടിൻ്റെ പൈതൃകമാർന്ന
സ്നേഹ സൗഹൃദങ്ങൾ നാലാളു കൂടുമാ
കവലകളും ഉച്ചത്തിൽ പത്രം വായിച്ചു
ചായയും എണ്ണ പലഹാരങ്ങൾ കടിച്ചും
യുദ്ധത്തിൻ്റെയും അങ്ങ് ഉഗാണ്ടയും ചന്ദ്രനോളമെത്തി നിൽക്കുന്ന കഥകളും
ചന്ദ്രേട്ടൻ്റെ തലമുടി വെട്ടും കഥകളും
കല്ലുപ്പ് പെട്ടികൾ പേറുന്ന തിണ്ണയിൽ
കുട്ടയുമായി നിന്ന് നുണക്കഥകൾ
കാതിനു സുഖം പകർന്നു നിൽക്കും
കാർത്ത്യായനിനിച്ചെച്ചിയും മറിയാമ്മ ചേടത്തിയും ,ചെത്ത് വഴിയിൽ മെല്ലെ
വള്ളി നിക്കറും ഒരു കൈയ്യിലെ വളയം
ഉരുട്ടി പോകുന്ന കുട്ടികളും പിന്നെ
അകലത്തിൽ കൊമ്പിൽ ഇരുന്നു
പാടുന്ന കുയിലിൻ്റെ കൂവലിനെ
അനുകരിച്ചു കൂവും കാലവും
ഗോട്ടി കളിയിൽ തോറ്റു മൊട്ടക്ക്
വേദന മാറുമ്പോഴേക്കും ഒളികണ്ണിട്ടു
മധുര നോവിൻ ചെറു പുഞ്ചിരി പകുത്ത
കണ്ണുനീരിൽ കുടുങ്ങിയ കൗമാര്യവും
ഇന്നതൊക്കെ ഓർത്ത് ഇരിക്കുമ്പോൾ
അടുത്ത് വന്നു കൊഞ്ചനം കാട്ടി ചിരിക്കുന്ന
പേരക്കുട്ടിയുടെ ചിരികേട്ട് ഉണരുന്ന ദിവാസ്വപ്നം കണ്ടിരിക്കുന്നവന് നേരെ
നീട്ടിയ സഞ്ചിയുമായി നിൽക്കും അങ്ങാടിയിൽ
പോയി വരാൻ പറഞ്ഞു ഭാരം താങ്ങിയായ ജീവിതത്തിന് കൂട്ടുകാരിയുടെ ശകാരം കേട്ടു
മുറിഞ്ഞ ചിന്തയുമായി നടന്നു നീങ്ങുന്ന ചിന്ത
ജീ ആർ കവിയൂർ
21 03 2026
(കാനഡ ,ടൊറൻ്റോ)

Comments