ഈശ്വരൻ തന്നൊരു ഭാഗ്യം

 ഈശ്വരൻ തന്നൊരു ഭാഗ്യം




അറുപത്തൊന്നാം വയസ്സിൽ,  
ഞാൻ പതിനാറ് മാസക്കാരനായി…  
കൈക്കുള്ളിൽ കൊച്ചുമകൻ,  
മനസ്സിൽ ഒരു പുതിയ പ്രപഞ്ചം.

മക്കളുടെ ബാല്യം കണ്ടു തീർക്കാതെ,  
മറുനാട്ടിൽ ദൂരെയലഞ്ഞൊരാ കാലം.  
മഹാബലിയെപ്പോലെ വന്നു പോയൊരാ-  
നോവുണർത്തുന്നോർമ്മകൾ മാഞ്ഞു പോകുന്നു.

അന്നവർ പിച്ചവെച്ചതും വളർന്നതും,  
അറിഞ്ഞീല ഞാനീ കൺകുളിർക്കെ.  
ഇന്നീ പൗത്രൻ തൻ പിച്ചവെപ്പിൽ ഞാൻ  
നഷ്ടബാല്യം വീണ്ടും തിരയുന്നു.

കടലിനക്കരെ ഒരു പൂവിൻ ഗന്ധം,  
നാടിൻ്റെ തനിമയിൽ മറ്റൊരു മലർമൊട്ട്.  
രണ്ടു മക്കൾ തൻ രണ്ടു കണ്മണികൾ,  
എൻ്റെ രണ്ടു കയ്യിലും രണ്ടു സ്വർഗങ്ങൾ.

കുരുന്നു പൂവിൻ്റെ ഗന്ധം  
സഞ്ജീവനി പോലെ മനം ശാന്തമാക്കി,  
വിരസമാർന്നൊരു ജീവിതത്തിന്  
പുതിയ ഉഷസ്സും ഊർജ്ജവും നൽകുന്നു.

അവനുടെ കരം ഗ്രസിച്ചപ്പോൾ,  
ആ ചെറു വിരലുകൾ സ്പർശിച്ചപ്പോൾ  
ഗതകാലത്തിലേക്ക് നടന്നു;  
ഞാൻ അച്ഛനല്ല, മുത്തച്ഛനല്ല,  
ഒരു കുഞ്ഞായി മാറി.

ഇവിടെ ചിന്തകളില്ല, നാളെയുടെ ഭാരം ഇല്ല,  
ഇന്നിന്റെ ചിരി മാത്രം… ഇവിടെയാണ് സ്വർഗം.

ഈശ്വര കൃപയിൽ ഈ നിമിഷം നിറഞ്ഞിരിക്കുന്നു,  
ആ പരം ജ്യോതിസ്സിൻ്റെ അനുഗ്രഹം  
എപ്പോഴും ഉള്ളിൻ്റെ ഉള്ളിൽ നിലനിൽക്കട്ടെ.

ജീ ആർ കവിയൂർ 
23-02-2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “