കല്ലുകളുടെ നഗരം
കല്ലുകളുടെ നഗരം
കല്ലുകൾ നിറയും നഗരത്തിൽ മൺവീടുകൾ കെട്ടുന്നതാര്?
കാറ്റിനെ കാത്ത വീടുകളിൽ കിളിവാതിൽ തുറക്കുന്നതാര്?
പെറ്റമ്മയെയും പിതാവിനെയും അനാഥരാക്കി മാറ്റുമ്പോൾ,
പഴമയുടെ സ്നേഹത്തണൽ നെഞ്ചിലേറ്റി നിൽക്കുന്നതാര്?
ആവശ്യം തീരും നേരം ബന്ധങ്ങളെ മറക്കുന്നു,
ആയിരം വാഗ്ദാനങ്ങൾ വഴിവക്കിൽ ഉപേക്ഷിക്കുന്നു,
സ്വാർത്ഥതയുടെ ചന്തയിൽ സ്നേഹത്തെ വിൽക്കുമ്പോൾ,
സ്വന്തമെന്നു ചേർത്തുപിടിക്കാൻ ആരെയാണ് തേടുന്നത്?
സ്വന്തം വീട്ടിൽ തീപടരുമ്പോൾ അണയ്ക്കാൻ നേരമില്ല,
അയൽവീട്ടിൽ പുകയുയർന്നാൽ അറിയുവാൻ മടിയുമില്ല,
അന്യരുടെ മുറ്റത്തേക്കെന്നും കണ്ണും കാതും നീളുമ്പോൾ,
സ്വന്തം ഉള്ളിലെ ഇരുട്ടിനെ കാണാൻ നേരമില്ല.
വാടകയ്ക്കു ജീവിതം പോലും വിൽക്കുമീ നഗരത്തിൽ,
ആഗ്രഹങ്ങൾ വളർന്നുപോകും ആവശ്യത്തിൻ പേരിൽ,
പണത്തിനു പിന്നാലെ പായും തിരക്കേറിയ കാലത്തിൽ,
മനുഷ്യത്വം കാത്തുവെക്കാൻ ഇടമുണ്ടോ മനസ്സിൽ?
രചന: ജീ ആർ കവിയൂർ
30 10 2026
(തിരുവല്ല, കവിയൂർ)
Comments